കെ.എസ്.ആർ.ടി.സി കൊറിയർ സർവിസ് തിരൂരിലും


തിരൂർ: കെ.എസ്.ആർ.ടി.സി കൊറിയർ സർവിസ് തിരൂരിലും പ്രവർത്തനം ആരംഭിച്ചു. 16 മണിക്കൂറിനുള്ളില്‍ കേരളത്തിൽ എവിടേക്കും കൊറിയര്‍ എത്തിക്കും. തിരൂർ നഗരസഭ ബസ് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലാണ് കൊറിയർ സംവിധാനവും പ്രവർത്തിക്കുന്നത്. കേരളത്തിൽ 55 ഡിപ്പോയിൽ തുടക്കത്തിൽ സർവിസ് ആരംഭിച്ചിട്ടുണ്ട്. 200 കി.മീ. പരിധിയില്‍ 25 ഗ്രാം പാർസലിന് 30 രൂപയാണ് ചാര്‍ജ്. 50 ഗ്രാം 35 രൂപ, 75 ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500 ഗ്രാം 65 രൂപ, ഒരുകിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്. 200, 400, 600, 800, 800 കി.മീറ്ററിന് മുകളില്‍ എന്നിങ്ങനെ തരംതിരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്.
അയക്കുന്ന ആളിനും പാർസല്‍ സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകള് ഫോണിൽ മെസേജായി ലഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയര്‍ സര്‍വിസിനെക്കാള്‍ നിരക്ക് കുറവാണെന്നതും വേഗത്തില്‍ ആവശ്യക്കാരിലേക്കെത്തും എന്നതും കെ.എസ്.ആര്.ടി.സി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വിസിന് സ്വീകാര്യത കൂട്ടുന്നു. രാവിലെ എട്ടുമുതൽ രാത്രി എട്ടു വരെയാണ് തിരൂരിലെ കൊറിയർ സംവിധാനത്തിന്റെ പ്രവർത്തനസമയം. വിവരങ്ങൾക്ക്: 9946167823, 8075025794.
