കെഎസ്‌ടിഎ ജില്ലാ മാർച്ച്,ഇന്ന്
മലപ്പുറം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അധ്യാപകർ ശനിയാഴ്ച മലപ്പുറത്ത് മാർച്ച് നടത്തും. എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്ന് രാവിലെ 10ന് മാർച്ച് ആരംഭിക്കും. സിവിൽ സ്‌റ്റേഷന് മുന്നിലൂടെ നഗരം ചുറ്റി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്‌മാരക ടൗൺഹാൾ പരിസരത്ത് സമാപിക്കും. പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്‌ഘാടനംചെയ്യും. ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, ചരിത്ര–-ശാസ്‌ത്ര പാഠങ്ങളെ ഒഴിവാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പുതുതായി പ്രൊമോഷൻ ലഭിച്ച പ്രൈമറി പ്രധാനാധ്യാപകർക്ക് ശമ്പള സ്‌കെയിൽ അനുവദിക്കുക, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വർധിപ്പിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണം വേഗത്തിലാക്കുക, കെഇആർ സമഗ്രമായി പരിഷ്‌കരിച്ച് സ്‌കൂൾ മാനേജർമാർക്കുള്ള ശിക്ഷാധികാരം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ് മാർച്ച്