കൃഷി സ്മാർട്ടാക്കാം സ്‌മാമിലൂടെ
മലപ്പുറം: പാടത്തും പറമ്പിലും കൃഷി എളുപ്പമാക്കാൻ കരുത്തുറ്റ യന്ത്രങ്ങൾ, പണിയാളായി മികച്ച കാർഷികായുധങ്ങൾ. ഇനി കുടുംബശ്രീ പ്രവർത്തകരും കൃഷിയിൽ സ്മാർട്ടാകും. സബ്‌സിഡി നിരക്കിൽ കർഷകർക്ക് മികച്ച കാർഷികോപകരണങ്ങൾ ലഭ്യമാക്കുന്ന സ്‌മാംപദ്ധതിയാണ് കുടുംബശ്രീ ജില്ലാമിഷൻ അയൽക്കൂട്ടങ്ങളിൽ പരിചയപ്പെടുത്തുന്നത്. ജില്ലയിലെ 111 സിഡിഎസുകളിലും പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അയൽക്കൂട്ടം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും രജിസ്‌റ്റർചെയ്യാം. ജില്ലയിൽ അഞ്ചുകോടിയുടെ കാർഷിക ഉപകരണങ്ങൾ രജിസ്റ്റർചെയ്യുകയാണ് ലക്ഷ്യം. കുടുംബശ്രീ രൂപീകരിച്ച 14 വനിതാ ഫാർമേഴ്സ് ക്ലബ്ബുകളും പദ്ധതിയിൽ രജിസ്റ്റർചെയ്യും. യന്ത്രങ്ങൾ വാടകയ്‌ക്ക് നൽകുന്ന കടകളും ആരംഭിക്കും. രജിസ്ട്രേഷൻ പൂർണമായും ഓൺലൈനിലൂടെയാണ്. സഹകരണ ബാങ്കുകൾ മുഖേനയും അയൽക്കൂട്ടങ്ങൾവഴിയും പഞ്ചായത്ത് പദ്ധതികളിലൂടെയും തുക ലഭ്യമാക്കും. അപേക്ഷിച്ച ഉപകരണത്തിന്റെ മുഴുവൻ തുകയും അടച്ചാൽ സബ്സിഡി ലഭ്യമാകും. കാർഷിക ഉപകരണങ്ങൾക്ക് സിഡിഎസുമായി ബന്ധപ്പെടണം.സ്‌മാംകേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കാർഷികവികസന കർഷക ക്ഷേമവകുപ്പും സംയുക്തമായി നടപ്പാക്കുന്നതാണ് കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (SMAM). ചെറുകിട യന്ത്രങ്ങൾമുതൽ കൊയ്ത്ത് മെതിയന്ത്രംവരെയും വിള സംസ്കരണവുമായി ബന്ധപ്പെട്ട ഡ്രയറുകൾ, മില്ലുകൾ, ട്രാക്ടർ, ടിപ്പർ പൾവനൈസർ, കാടുവെട്ടുന്ന യന്ത്രം എന്നിവയും ലഭ്യമാവും. കർഷകനും കർഷക ഗ്രൂപ്പുകൾക്കും 40 മുതൽ 80 ശതമാനംവരെയും വനിതാ കർഷക ഗ്രൂപ്പുകൾക്ക് 95 ശതമാനംവരെയും സാമ്പത്തിക സഹായം പദ്ധതിയിൽ ലഭ്യമാവും.