അഡ്വാൻസായി 50 കോടി വേണം’; മരക്കാർ തിയേറ്റർ റിലീസിന് നിബന്ധനകളുമായി ആന്റണി പെരുമ്പാവൂർ
ഒരു തിയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല
കൊച്ചി: മരക്കാർ തിയേറ്റർ റിലീസ് ചെയ്യുന്നതിന് വിവിധ നിബന്ധനകളുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന പക്ഷം ഒടിടി റിലീസ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചു.
തനിക്ക് തിയേറ്ററുകളിൽ നിന്നും 50 കോടി രൂപ വേണം. അതോടൊപ്പം സിനിമ തിയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗുറെന്റി നൽകണം. ഒരു തിയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭ വിഹിതം നൽകണം എന്നിങ്ങനെയാണ് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ.
ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ ഫിലിം ചേംബർ തിയേറ്റർ ഉടമകളെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്രയധികം പണം നൽകാൻ സാധിക്കില്ലെന്നാണ് പല തിയേറ്റർ ഉടമകളും റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്. ഈ സാഹചര്യത്തിൽ തിയേറ്റർ ഉടമകളുടെ അടിയന്തര യോഗം നാളെ ചേരും.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.