കൂട്ടക്കടവ് റെഗുലേറ്റർ നിർമാണം പുനരാരംഭിച്ചു
തൃത്താല: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ നിർമാണം പുനരാരംഭിച്ചു. ശകതമായ മഴയെത്തുടർന്ന് കഴിഞ്ഞ ജൂണിലാണ് റെഗുലേറ്റർ നിർമാണം താത്കാലികമായി നിർത്തിവെച്ചത്. ഇതുവരെ പദ്ധതിപ്രദേശത്ത് 90 ശതമാനം സിവിൽ ജോലികളാണ് പൂർത്തിയായിട്ടുള്ളത്. റെഗുലേറ്ററിന്റെ മുകൾഭാഗത്തേക്ക് 260 മീറ്റർ വരുന്ന സംരക്ഷണഭിത്തിയുടെ 60 മീറ്റർ നിലവിൽ പൂർത്തിയായിക്കഴിഞ്ഞു. താഴ്ഭാഗത്ത് 51 മീറ്ററിലാണ് ഭിത്തിയൊരുക്കുക. ഇതിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. വരും ദിവസങ്ങളിൽ റെഗുലേറ്ററിന്റെ തൂണുകളുടെ ഉയരം വർധിപ്പിക്കുന്ന പണികൾ തുടങ്ങും. മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവൃത്തികൾ തുടങ്ങിയാൽ മാത്രമേ റെഗുലേറ്ററിന്റെ മറ്റു ജോലികൾ ഇനി തുടങ്ങാൻ കഴിയൂ. ഷട്ടർ, മോട്ടോർ, നടപ്പാത, വാച്ച്റൂം ഉൾപ്പെടെയുള്ള ജോലികളാണ് മെക്കാനിക്കൽ വിഭാഗത്തിൽ ഉൾപ്പെടുക. 35 കോടിരൂപ ചെലവിൽ ‘റീബിൽഡ് കേരള’ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതിയുടെയും നിർമാണം പുനരാരംഭിച്ചത്. മെക്കാനിക്കൽ ജോലികൾ തുടങ്ങിയാൽ മാർച്ചോടെ റെഗുലേറ്ററിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. ആനക്കര, പട്ടിത്തറ, പരുതൂർ, ഇരിമ്പിളിയം ഉൾപ്പെടെ നാല് പഞ്ചായത്തുകൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. പദ്ധതിയെ ആശ്രയിച്ച് വിവിധ പഞ്ചായത്തുകളിൽ ജലസേചന-ശുദ്ധജല പദ്ധതികളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഇരിമ്പിളിയം, കാരമ്പത്തൂർ ശുദ്ധജല പദ്ധതികളുടെ ജലസ്രോതസ്സുകൂടിയാണ് കൂട്ടക്കടവ് പദ്ധതിപ്രദേശം.