KERALA

കുസാറ്റിലെ എസ്എഫ്ഐ സമരം പിൻവലിച്ചു

കളമശേരി: കുസാറ്റ് വനിതാ ഹോസ്റ്റലുകളിൽ വിദ്യാർഥിനികളുടെ പ്രതിഷേധ സമരം. ഒടുവിൽ ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചതോടെ സമരം പിൻവലിച്ചു. ഹോസ്റ്റലിൽ വിദ്യാർഥിനികൾക്കു പ്രവേശിക്കാനുള്ള സമയം 9.30 വരെയാണ് അനുവദിച്ചിട്ടുള്ളത്. ഇതു കർശനമായി നടപ്പാക്കിയതിനെതിരെയും അളകനന്ദ ഹോസ്റ്റലിലേക്കു മുൻപുണ്ടായിരുന്ന വഴി തുറന്നുകൊടുക്കണം, ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്തുന്ന ഭക്ഷണം ഏതു സമയത്തും വാങ്ങുന്നതിന് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണു വിദ്യാർഥികൾ ഉയർത്തിയത്. നിയന്ത്രണങ്ങളിൽ ആൺ–പെൺ വേർതിരിവ് പാടില്ലെന്നും ഹോസ്റ്റലുകളിൽ കർഫ്യൂവിനു സമാനമായിട്ടാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നു.

എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുന്നിൽ മാർച്ചും ധർണയും നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ ആവശ്യം ഉന്നയിച്ചു വിദ്യാർഥികൾ ‘എസ്എഫ്ഐ മാതൃകം കുസാറ്റ് സബ്കമ്മിറ്റി’യുടെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുന്നിൽ രാത്രി സമരം ന‌ടത്തിയിരുന്നു. വനിതാ ഹോസ്റ്റലുകളിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതുവരെ തൽക്കാലത്തേക്കു രാത്രി 11.00 വരെ പുറമേ നിന്നു ഭക്ഷണം വരുത്തി കഴിക്കാൻ അനുവദിക്കുമെന്നും ഹോസ്റ്റലിലെ മുറികളിലെത്തി ഹാജർ നില പരിശോധിക്കുന്നത് ഒഴിവാക്കി പകരം റജിസ്റ്റർ വയ്ക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. റജിസ്റ്ററിൽ വിദ്യാർഥിനികൾ ഹാജർ രേഖപ്പെടുത്തണം.

ലൈബ്രറി സമയം രാത്രി 10 മണിവരെ ആയതിനാൽ ലൈബ്രറി ഉപയോഗപ്പെടുത്തുന്ന ഹോസ്റ്റലിൽ കഴിയുന്നവർക്ക് ലേറ്റ് എൻട്രി പാസ് ഏർപ്പെടുത്തും. അളകനന്ദ ഹോസ്റ്റലിലേക്കു ലൈബ്രറിക്കു സമീപത്തുള്ള വഴി തുറന്നു നൽകുമെന്നും ഒത്തു തീർപ്പു ചർച്ചയിൽ അധികൃതർ എസ്എഫ്ഐ പ്രതിനിധികളെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് വിദ്യാർഥികൾ സമരത്തിൽ നിന്നു പിൻമാറിയത്. വൈസ് ചാൻസലർ ഡോ. കെ.എൻ.മധുസൂദനൻ, പ്രോ വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ, റജിസ്ട്രാർ ഡോ.വി.മീര, ചീഫ് വാർഡൻ ഡോ. അജിത് മോഹൻ എന്നിവരാണ് വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തിയത്.

അതേസമയം, ലഹരിമരുന്നു കേസിൽ പിടിയിലായ കുസാറ്റ് വിദ്യാർഥിയുടെ സമ്പർക്ക ലിസ്റ്റിൽ 10 ശതമാനവും കുസാറ്റ് ഹോസ്റ്റലുകളിൽ താമസിക്കുന്നവരാണെന്നും നിയന്ത്രണവും ബോധവൽക്കരണവും നടത്തണമെന്നും എക്സൈസ് അധികൃതർ ആവശ്യപ്പെട്ടിരുന്നതായും സർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഒരു വിദ്യാർഥിനി വീട്ടിൽ പോവുകയാണെന്ന് അറിയിച്ച് ഹോസ്റ്റലിൽ നിന്നു പോവുകയും വിട്ടിലേക്കു പോവാതെ കൂട്ടുകാരിയുടെ താമസസ്ഥലത്തു തങ്ങി രാത്രിയിൽ അപകടത്തിൽ പരുക്കേറ്റ സംഭവം ഉണ്ടായി. സംഭവത്തിൽ വീട്ടുകാർ കുസാറ്റിലെത്തി അധികാരികളെ ശകാരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണു വനിതാ ഹോസ്റ്റലുകളിൽ പ്രവേശന സമയം രാത്രി 9.30 വരെയെന്നതു കർശനമാക്കിയത്. 9.30നു ശേഷം ഹോസ്റ്റൽ മേട്രൻ പരിശോധന നടത്തി അന്തേവാസികളെല്ലാം ഹോസ്റ്റൽ മുറികളിൽ ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയും റിപ്പോർട്ട് ചീഫ് വാർഡനു സമർപ്പിക്കുകയും വേണമെന്നും നിഷ്കർഷിച്ചിരുന്നു. രാത്രി 10ന് ശേഷം പുറമേ നിന്നു ഭക്ഷണം എത്തിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

അളകനന്ദ ഹോസ്റ്റലിലേക്കു മുൻപുണ്ടായിരുന്ന വഴി കിഫ്ബി പദ്ധതിയുടെ നിർമാണം നടത്തുന്നതിന്റെ ഭാഗമായി അടച്ചുകെട്ടിയതാണ്. പിന്നീട് ഇതു നിയമക്കുരുക്കിൽ അകപ്പെട്ടതോടെയാണ് തുറന്നുകൊടുക്കാൻ കഴിയാതിരുന്നത്. ഇതിനു പകരം 5 മീറ്റർ മാറി മറ്റൊരുവഴി തുറക്കുകയും ഇവി‌ടെ ആവശ്യത്തിനു സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനും ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. എക്സൈസ് അധികൃതരുടെ ആവശ്യപ്രകാരം ഹോസ്റ്റൽ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം 12ന് വിളിച്ചിട്ടുണ്ട്. ഹോസ്റ്റലുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ഈ പിടിഎ യോഗത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്നു സർവകലാശാല അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button