HEALTH

കുഴഞ്ഞുവീണുള്ള മരണങ്ങൾ കൂടുന്നു; അവഗണിക്കരുത് ശരീരം നൽകുന്ന അപായ സിഗ്‌നൽ

തിരുവനന്തപുരം: സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടയിലും ഷട്ടിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടയിലുമൊക്കെ കുഴഞ്ഞുവീണു മരിച്ചവരെ കുറിച്ചുള്ള വാർത്ത വായിക്കുമ്പോൾ ‘ഇത്ര ചെറുപ്പത്തിലോ’ എന്ന് എല്ലാവരും ആശങ്കപ്പെടും. എന്നാൽ, അകാല മരണത്തിനു മുൻപ് ശരീരം നൽകുന്ന മുന്നറിയിപ്പുകൾ പലരും അവഗണിക്കുകയാണെന്നു ഡോക്ടർമാർ പറയുന്നു.

തെറ്റായ ഭക്ഷണക്രമം, ശരിയായ വ്യായാമമില്ലായ്‌മ, മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നിവയൊക്കെ ഹൃദയാഘാതത്തിനു (മയോകാർഡിയൽ ഇൻഫ്രാക്‌ഷൻ) കാരണമാകാം. കുടുംബത്തിൽ രോഗചരിത്രമുള്ളതും പ്രധാന ഘടകമാണ്. ചെറുപ്പക്കാരിൽ പ്രതിരോധശേഷി കൂടുതലായതിനാൽലക്ഷണങ്ങൾ പലതും ശ്രദ്ധിക്കപ്പെടാതെ പോകാം.

ഐസിഎംആർ-നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻഐഇ) നടത്തിയ പഠനത്തിൽ, മുൻപ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരും കുടുംബത്തിൽ പെട്ടെന്നുള്ള മരണത്തിന്റെ പാരമ്പര്യമുള്ളവരും കൂടുതൽ ശ്രദ്ധിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നു.

കഠിനമായ വ്യായാമം, 48 മണിക്കൂറിനുള്ളിലെ അമിത മദ്യപാനം, ലഹരിവസ്തു ഉപയോഗം എന്നിവയും പെട്ടെന്നുള്ള മരണസാധ്യത വർധിപ്പിക്കുന്നു.

പോസ്റ്റ്മോർട്ടം ടേബിളിൽ

മരണകാരണം തിരിച്ചറിയുന്ന ആദ്യത്തെ വ്യക്തി പോസ്റ്റ്മോർട്ടം ചെയ്യുന്ന സർജൻ ആണ്. ഹൃദയത്തിലെ രക്തധമനികൾ അടയുന്നതാണ് യുവാക്കളിലെപെട്ടെന്നുള്ള മരണത്തിൻ്റെ പ്രധാന കാരണമെന്ന് കാസർകോട് മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസറും അസിസ്റ്റന്റ് പൊലീസ് സർജനുമായ ഡോ.ടി.എം.മനോജ് പറയുന്നു.

20-50 പ്രായമുള്ള ആരോഗ്യമുള്ളവരിൽ പ്രധാന ധമനി അടഞ്ഞാലും ഹൃദയം മറ്റു ചെറിയ ഞരമ്പുകൾ ഉപയോഗിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകും. പക്ഷേ, അവർക്ക് ആദ്യത്തെയോ രണ്ടാമത്തെയോ ഹൃദയാഘാതം ഉണ്ടാകുമ്പോൾ തന്നെ മരണം സംഭവിക്കാനാണ് സാധ്യത.

മറ്റു ചിലർക്ക് ഹൃദയപേശികളുടെ ബലക്കുറവ് ഉൾപ്പെടെയുള്ള രോഗാവസ്ഥ (കാർഡിയോമയോപ്പതി) ഉണ്ടാകാം. അത്തരക്കാർ സ്ഥിരമായി വ്യായാമം ചെയ്യുന്നവരാണെങ്കിൽ പോലും വാംഅപ് ചെയ്യാതെ പെട്ടെന്നു വ്യായാമം ചെയ്യാനിറങ്ങുകയോ പടിക്കെട്ടുകൾ ഓടിക്കയറുകയോ ഒക്കെ ചെയ്യുമ്പോൾ ഹൃദയാഘാതവും തുടർന്ന് മരണവുംസംഭവിക്കാനിടയുണ്ട്.

ചിലരിൽ താൽക്കാലികമായി ഞരമ്പ് അടയുകയും ഹൃദയാഘാതം സംഭവിച്ചതിനു പിന്നാലെ ഈ തടസ്സം നീങ്ങുകയും ചെയ്യാം. അത്തരക്കാരിൽ പോസ്റ്റ്മോർട്ടം നടത്തുമ്പോൾ തടസ്സം കണ്ടെത്താനാകില്ല. ജനിതകപരമായി ഹൃദയാഘാത സാധ്യതയുള്ളവരിൽ രക്തക്കുഴലുകൾ അടയാനുള്ള സാധ്യത കൂടുതലാണ്. കൊറോണറി ആർട്ടറി ത്രോംബോസിസ് എന്ന രോഗാവസ്ഥ ഇത്തരക്കാരിൽ ഉണ്ടാകാനിടയുണ്ട്. ഹൃദയത്തിന് രക്തം നൽകുന്ന 3 പ്രധാന ഞരമ്പുകളിൽ ഏതെങ്കിലും ഒന്ന് അടയുന്നതു കാരണം കുഴഞ്ഞുവീണ് മരിക്കുന്നവരിൽ 20- 21 വയസ്സുകാർ പോലുമുണ്ടെന്ന് ഡോ.ടി.എം.മനോജ് പറയുന്നു.

കോവിഡിനു ശേഷം ഹൃദയത്തിലും ശ്വാസകോശത്തിലും തലച്ചോറിലുമെല്ലാം രക്തക്കുഴൽ അടയുന്ന അവസ്ഥ പലരിലും കണ്ടിട്ടുണ്ട്. ലഹരി ഉപയോഗം പെട്ടെന്ന് രക്തസമ്മർദം കൂട്ടുകയും അതുതാങ്ങാനാകാതെ തലച്ചോറിലെയും ഹൃദയത്തിലെയുമൊക്കെ രക്തക്കുഴൽ പൊട്ടി മരണം സംഭവിക്കുകയും ചെയ്തത് പോസ്റ്റ്മോർട്ടം ടേബിളിൽ കണ്ടിട്ടുണ്ട്.

ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

ആദ്യം നെഞ്ചിൽ കഠിനവേദന വരാം. ചില രോഗികൾക്ക് വിയർപ്പ്, ഛർദിക്കാൻ തോന്നുക, കഠിനമായ നെഞ്ചെരിച്ചിൽ, ഇടതുകൈക്കു വേദന, മരവിപ്പ്, നെഞ്ചിൽ ഭാരം വച്ചതു പോലുള്ള തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാകാം. നടക്കുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെടുന്നതെങ്കിൽ പെട്ടെന്നു ഡോക്ട‌റെ കണ്ട് ടെസ്റ്റുകൾ നടത്തണം. വിശദീകരിക്കാനാവാത്ത ക്ഷീണം, ദഹനക്കേട്, ഗ്യാസ് നിറയുന്നതുപോലുള്ള അസ്വസ്ഥത, ഉറക്കക്കുറവ് തുടങ്ങിയവയും ലക്ഷണങ്ങളാകാം.

പരിശോധനയ്ക്ക് മടി വേണ്ട

.30 വയസ്സ് കഴിഞ്ഞവർക്കും കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമുള്ള 25 വയസ്സ്
കഴിഞ്ഞവർക്കും ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, കഴിഞ്ഞ 2-3 മാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അളവ്, ഇസിജി തുടങ്ങിയ പരിശോധനകൾ നടത്തണം.

പുകവലിക്കുന്നവരും അമിതവണ്ണമോ ഉയർന്ന രക്തസമ്മർദമോ ഉള്ളവരും എക്കോകാർഡിയോഗ്രാഫി (എക്കോ), കൊറോണറി കാൽസ്യം സ്കോറിങ് എന്നിവയും നടത്തണം.

കായിക രംഗത്തുള്ളവർ ജന്മനായുള്ള തകരാറുകളോ മറ്റു ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ കണ്ടെത്താൻ എക്കോ പരിശോധന നടത്തണം. ഉയർന്ന അപകടസാധ്യതയുള്ളവർ വർഷം തോറും ഈ പരിശോധനകൾ ചെയ്യണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button