കുറ്റിക്കാട് കുമ്പളത്തുപടി റോഡ് നിർമാണം; അഴിമതി അന്വേഷിക്കണമെന്ന് കോൺഗ്രസ്.

പൊന്നാനി : കുറ്റിക്കാട് കുമ്പളത്തുപടി റോഡ് നിർമാണം വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ഒരു കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി ചെലവിട്ടത് 1.5 കോടി രൂപയാണെന്നും പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം.
ഈഴുവത്തിരുത്തി പാക്കേജിൽ ഉൾപ്പെടുത്തി നവീകരിക്കാൻ തീരുമാനിച്ച റോഡാണിത്. മുൻപ് നവീകരിക്കാനായി റോഡ് പൊളിച്ചെങ്കിലും കരാറുകാരൻ പണി നിർത്തിവെച്ചു. ഒൻപതുവർഷത്തോളമാണ് റോഡ് തകർന്നുകിടന്നത്.
ഈഴുവത്തിരുത്തി പാക്കേജ് നഗരസഭ ഉപേക്ഷിച്ചതോടെ തുറമുഖ വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഒരുകിലോമീറ്റർ ദൂരമുള്ള റോഡിനും അഴുക്കുചാലിനുംകൂടി തുറമുഖ വകുപ്പ് 1.5 കോടി രൂപയ്ക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
75 ലക്ഷം രൂപയ്ക്ക് പണിതീർക്കാവുന്ന റോഡിനാണ് 1.5 കോടി രൂപ വകയിരുത്തിയത്. മുൻപ് പണി നിർത്തിപ്പോയ കരാറുകാരൻ പകുതിദൂരം അഴുക്കുചാൽ നിർമാണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.
വൈദ്യുതത്തൂണുകൾ റോഡരികിലേക്കു മാറ്റാതെ റോഡിൽത്തന്നെ നിലനിർത്തിയാണ് നവീകരണം നടത്തിയിട്ടുള്ളത്.
കുമ്പളത്തുപടി ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വേണ്ടിയാണ് അഴുക്കുചാൽ നിർമിച്ചതെങ്കിലും വെള്ളക്കെട്ടുള്ള കുമ്പളത്തുപടി ഭാഗത്തേക്ക് മഴവെള്ളം ഒഴുകിയെത്തുന്ന സ്ഥിതിയാണിപ്പോഴെന്നും കൂടിയാലോചന ഇല്ലാതെയും അശാസ്ത്രീയമായ രീതിയിലും നിർമാണം പൂർത്തീകരിച്ചതെന്നും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. പവിത്രകുമാർ ആരോപിച്ചു.
75 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പവിത്രകുമാർ ആവശ്യപ്പെട്ടു.
