കുമ്മായത്തിന് ഗുണമേന്മയില്ല; കർഷകർക്ക് ഇരട്ടിച്ചെലവ്
എടപ്പാൾ : കൃഷിഭവനുകൾ മുഖേന പാടശേഖരസമിതിക്ക് നൽകുന്ന കുമ്മായത്തിന് ഗുണനിലവാരമില്ളാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. കോൾമേഖലയിലെ ഉപ്പുരസവും കൃഷിക്ക് വിരുദ്ധമായ രാസപദാർഥങ്ങളും നീക്കം ചെയ്യുന്നതിനായാണ് കുമ്മായമിടുന്നത്.
എന്നാൽ സർക്കാർ വിതരണം ചെയ്യുന്നതിൽനിന്ന് ഗുണം ലഭിക്കാത്തതിനാൽ കർഷകർ സ്വന്തമായി കുമ്മായം വാങ്ങിയിടേണ്ട അവസ്ഥയാണ്. ഇത് കർഷകർക്ക് ഇരട്ടിച്ചെലവുണ്ടാക്കുകയാണ്.
കോൾമേഖലയിൽ ഓരുജലം പോകാൻ ഒരേക്കറിന് 240 കിലോ വരെ കുമ്മായം വിതറണം. ആലപ്പുഴയിലെയും പരിസരങ്ങളിലെയും സ്വകാര്യ ഏജൻസികളാണ് ഭൂരിഭാഗവും കുമ്മായ വിതരണ ടെൻഡറുകൾ എടുത്തിട്ടുള്ളത്. ഇവർ കൃഷിഭവനുകൾക്ക് നൽകി അവർ മുഖേനയാണ് ഇത് പാടശേഖരസമിതികൾക്ക് ലഭിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന കുമ്മായത്തിൽ കുറച്ച് കുമ്മായവും ബാക്കി മണ്ണും പൊടിയുമെല്ലാം ചേർന്ന നിലയിലാണെന്നാണ് കർഷകർ പറയുന്നത്.
10 കിലോ വരുന്ന കുമ്മായപ്പാക്കറ്റിന് 50 മുതൽ 70 രൂപ വരെ കയറ്റിറക്കുകൂലിയടക്കം വിലയുണ്ട്.
ഒരേക്കറിൽ ഇടാൻ ഇത്തരത്തിൽ പത്തു പാക്കറ്റ് വേണ്ടിവരും. പുറത്തുനിന്ന് വാങ്ങുമ്പോൾ 180-ഓളം വിലവരും. ഏക്കർകണക്കിന് കൃഷിയുള്ളവർ ഏക്കറിന് 240 കിലോവെച്ച് പുറത്തുനിന്ന് വാങ്ങുമ്പോൾ വൻ തുക കൈയിൽനിന്ന് ചെലവഴിക്കേണ്ടിവരികയാണ്.
കുമ്മായ വിതരണം ഇടനിലക്കാരെ ഏൽപ്പിക്കാതെ ആ തുക കർഷകർക്ക് പാടശേഖരസമിതികൾ മുഖേന നൽകുകയാണെങ്കിൽ ഗുണമേന്മയുള്ള കുമ്മായം നോക്കി നേരിട്ട് വാങ്ങാനാകുമെന്ന് കർഷകർ പറയുന്നു.