കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു പൊന്നാനി പോലീസിന്റെ പിടിയിൽ

പൊന്നാനി:കേരളത്തിനകത്ത് നിരവധി മോഷണ കേസിലെ പ്രതിയായ ബിജു വർഗീസ് എന്ന ആസിഡ് ബിജുവിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.ദിവസങ്ങൾക്ക് മുൻപ് എടപ്പാൾ പൊൽപ്പാക്കരക്ക് സമീപമുള്ള വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച ശേഷം പെരുമ്പാവൂരിലേക്ക് കടന്നു കളഞ്ഞിരുന്നു. തുടർന്ന് എറണാകുളം ,പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തി ഉറക്കത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും മേലുള്ള ആഭരണങ്ങൾ ട്യൂളുകൾ ഉപയോഗിച്ച് കട്ട് ചെയ്ത് മോഷ്ടിച്ച് കൊണ്ടുപോകുന്ന രീതിയാണ് ഇയാളുടെത്.ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്റെ നിർദേശപ്രകാരം തിരൂർ ഡി വൈ എസ് പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ ഡി വൈ എസ് പിയുടെ സ്കോഡ് അംഗങ്ങളായ എസ് ഐ പ്രമോദ്, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സി പി ഒ സുമേഷ് എന്നിവരുടെ സഹായത്തോടെ പൊന്നാനി സി ഐ വിനോദ് വലിയാട്ടൂരാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ അന്വേഷണത്തിനോടുവിൽ ആസിഡ് ബിജുവിനെ അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ കാപ്പയുൾപ്പെടെ ഗുണ്ടാ നിയമങ്ങൾ ചുമത്തുമെന്നും സി ഐ അറിയിച്ചു.സംസ്ഥാനത്ത് 35 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ബിജു. കഴിഞ്ഞ ഫെബ്രുവരി മാസം ആദ്യ ആഴ്ചയിലാണ് ആസിഡ് ബിജു ഒറ്റപ്പാലം ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്.
