കുതിച്ചു പായുന്ന അരി വില
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ റേഷന്‍കടകളിലും ആവശ്യത്തിന് അരിയില്ലെന്ന് ആക്ഷേപം. മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്. ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. അരി സ്‌റ്റോക്കുള്ള റേഷന്‍ കടകളില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് ബില്ലുകള്‍ നല്‍കേണ്ടതിനാല്‍ വിതരണം സാവധാനത്തിലാണെന്നും വ്യാപാരികള്‍ പ്രതികരിച്ചു. ഇരട്ടി സമയമാണ് ഇതിന് വേണ്ടി വരുന്നത്. ഇതിനിടയില്‍ ആധാര്‍ സെര്‍വര്‍ തകരാര്‍ മൂലം ബയോമെട്രിക് സംവിധാനം നിശ്ചലമാകുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഇവര്‍ പറയുന്നു.
ആഴ്ചകള്‍ക്കിടെ 10 രൂപയോളമാണ് സംസ്ഥാനത്ത് അരിവില വര്‍ധിച്ചത്. അരി ലഭ്യത കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത്. കേരളത്തില്‍ ഉപയോഗിക്കുന്നതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രം അരിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ആന്ധ്ര ഉള്‍പ്പടെയുള്ള സംസ്ഥാങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ അളവില്‍ കുറവു വന്നിട്ടുണ്ട്. അരിവില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും വരുന്ന ആഴ്ചയോടെ ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണ്. എല്ലാ ഉല്‍പ്പന്നങ്ങളും പല സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ മാര്‍ക്കറ്റുകളില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.