കുടുംബശ്രീ ദേശിയ സരസ് മേള 2026 ജനുവരി 2 മുതൽ 11 വരെ ചാലിശ്ശേരിയിൽ നടക്കും
പാലക്കാട് : കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശിയ സരസ് മേള 2026 ജനുവരി 2 മുതൽ 11 വരെ പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ നടക്കും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബശ്രീയും സ്വയംസഹായ സംഘങ്ങളും അവതരിപ്പിക്കുന്ന ഉൽപ്പന്നങ്ങളും കലാ–സാംസ്‌കാരിക പരിപാടികളും മേളയുടെ മുഖ്യ ആകർഷണമായിരിക്കും.
മേളയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നായി 250 ലേറെ യൂണിറ്റുകൾ പങ്കെടുക്കും. പരമ്പരാഗത ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കൈത്തറി–ഹസ്തകല ഉൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വൻ പ്രദർശനവും വിൽപ്പനയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം, മെഗാ ഫുഡ് കോർട്ട്, വിവിധ കലാ സാംസ്‌കാരിക പരിപാടികൾ, സാങ്കേതിക പ്രദർശനങ്ങൾ, പുഷ്പമേള, ഹാപ്പിനസ് കോർണർ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.
കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGD), സരസ് ആജീവിക എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശിയ സരസ് മേള, വനിതാ സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ ദേശീയ തലത്തിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമാകുമെന്ന് സംഘാടകർ അറിയിച്ചു.