കുടിവെള്ളത്തിനും ഖരമാലിന്യ സംസ്കരണത്തിനും ഊന്നൽ നൽകി;കുന്നംകുളം നഗരസഭ വികസന സെമിനാർ


കുന്നംകുളം കുടിവെള്ളത്തിനും ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കുന്നംകുളം നഗരസഭയിൽ വികസന സെമിനാർ അവതരിപ്പിച്ചു. ഗ്രാമ, നഗര പ്രദേശങ്ങൾ ഉൾപ്പെടെ നഗരസഭയിലെ 37 വാർഡുകളിലും കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ 2023-24 വാർഷിക പദ്ധതിയിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് ജനകീയമായ രീതിയിൽ പദ്ധതികൾ വിഭാവനം ചെയ്യാനാണ് വികസനരേഖ തയ്യാറാക്കിയിട്ടുള്ളത്.
അഭിമാന പദ്ധതിയായ തുറക്കുളം മാർക്കറ്റ്, ആധുനിക അറവുശാല നിർമ്മാണം എന്നിവ പൂർത്തീകരിക്കാനുള്ള ത്വരിത നടപടികളും ആരംഭിക്കും. മാലിന്യ നിർമ്മാർജ്ജനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഖരമാലിന്യ സംസ്കരണം ഊർജ്ജിതപ്പെടുത്തുന്നതിനും പദ്ധതികളുണ്ട്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനും പദ്ധതിയുണ്ട്.
പൊതുവിഭാഗത്തിൽ 5,04,76,000 കോടി രൂപയും പട്ടികജാതി ഉപ പദ്ധതികൾക്ക് 2,38,11,000 കോടി രൂപയും അടക്കം 7,42,87,000 കോടി രൂപയാണ് വികസനഫണ്ട്. 8,02,67,000 കോടി രൂപ മെയിന്റനൻസിനു വേണ്ടി ചെലവഴിക്കും. ഉല്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് പൊതുവിഭാഗത്തിലും പട്ടികജാതി ഉപപദ്ധതിയിലും പ്രത്യേകം തുക വകയിരുത്തും. വനിത ഘടക പദ്ധതികൾക്ക് 52,00,000 ലക്ഷം രൂപ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 58,00,000 ലക്ഷം രൂപ, വയോജന പദ്ധതികൾക്ക് 42,06,795 ലക്ഷം രൂപ എന്നിവയും വകയിരുത്തും. പതിനാലാം ധനകാര്യ കമ്മീഷൻ ഗ്രാന്റായി 4,58,46,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
വലിയങ്ങാടി മാർക്കറ്റ് നവീകരണം, റിങ് റോഡ് വികസനം എന്നിവയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി. വികസന സെമിനാർ നഗരസഭ ടൗൺഹാളിൽ എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം സുരേഷ് പദ്ധതി അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, മറ്റ് സ്ഥിരം സമിതി അംഗങ്ങളായ സജിനി പ്രേമൻ, ടി സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷെബീർ, കൺസിലർ ബീന രവി, നഗരസഭ സെക്രട്ടറി വി എസ് സന്ദീപ് കുമാർ, മുനിസിപ്പൽ എൻജിനീയർ ഇ.സി.ബിനയ്ബോസ് തുടങ്ങിയവർ പങ്കെടുത്തു.
