പൊന്നാനി ജങ്കാർ സർവീസ് നിർത്തിയിട്ട് ഒരു മാസം;നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് കരാറുകാർ
പൊന്നാനി: ജങ്കാർ സർവീസ് നിർത്തിയിട്ട് ഒരു മാസം കഴിയുന്നു. യാത്രക്കാർ കുറഞ്ഞുവരുന്നതിനാൽ നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് കരാറുകാർ. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കരാറുകാർ. ടിക്കറ്റ് നിരക്കിൽ 35% വർധന ആവശ്യപ്പെട്ട് കരാറുകാർ നഗരസഭയ്ക്ക് കത്ത് നൽകി. ദിവസവും ഇന്ധനച്ചെലവും തൊഴിലാളി കൂലിയുമടക്കം വൻ തുക ചെലവു വരുന്നുണ്ടെന്നും യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണം കുറഞ്ഞതോടെ ഓരോ ദിവസവും വലിയ നഷ്ടം സഹിക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്നുമാണ് കരാറുകാർ വ്യക്തമാക്കുന്നത്.
അതേസമയം, ഒരു മാസമായി ജങ്കാർ സർവീസ് നിലച്ചതോടെ പുറത്തൂർ, പടിഞ്ഞാറേക്കര–പൊന്നാനി റൂട്ടിലുള്ള യാത്രക്കാർ വലിയ ദുരിതത്തിലാണ്. വിദ്യാർഥികളടക്കമുള്ള നൂറുകണക്കിന് സ്ഥിരം യാത്രക്കാർ ദിവസവും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി യാത്രചെയ്യേണ്ട അവസ്ഥയാണ്. പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിൽ ഏറെ സൗകര്യപ്രദമായ ജങ്കാർ യാത്ര ഇരുകരകളിലെയും യാത്രക്കാർക്ക് വലിയ ആശ്രയമാണ്. വർഷങ്ങളായി തുടരുന്ന സർവീസ് പെട്ടെന്ന് നിലച്ചത് വലിയ യാത്രാ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊന്നാനി ഹാർബറിലേക്കെത്തുന്ന പുറത്തൂർ, തിരൂർ മേഖലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.