KERALA

സൂപ്പർ കപ്പ്; ഐ ലീഗ് ജേതാക്കൾക്കെതിരെ കൊമ്പന്മാർ ഇന്നിറങ്ങും

സൂപ്പർ കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഈ സീസണിലെ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരെയുള്ള മത്സരം ബഹിഷ്‌കരിച്ചതിനെ തുടർന്ന് വിലക്ക് ലഭിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് പകരം സഹപരിശീലകൻ ഫ്രാങ്ക് ഡോവെൻ ടീമിനെ പരിശീലിപ്പിക്കും. ഇന്ന് രാത്രി 08:30ക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണ വ്യക്തിപരമായ കാരണങ്ങളാൽ ടൂർണമെന്റിന് ഉണ്ടാകില്ല എന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ടീമിന്റെ മറ്റൊരു ക്യാപ്റ്റൻ ഫുൾ ബാക്ക് ജെസ്സൽ കാർനേരോ പരുക്കിന്റെ തുടർന്ന് ഈ ടൂർണമെന്റ് കളിക്കില്ല. കൂടാതെ, മുതിർന്ന താരം ഖബ്ര ടീമിന്റെ ഒപ്പം ഇല്ല. കോഴിക്കോട് ടീമിന്റെ രണ്ടാം ഹോം ആണെന്നും അതിനാൽ അപരിചിത്വം തോന്നിക്കില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ ഇഷ്ഫാക്ക് അഹമ്മദ് ഇന്നലെ മല്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഐ ലീഗിൽ നിലവിലെ ജേതാക്കളായ റൗണ്ട് ഗ്ലാസ് മികച്ച ഫോമോടുകൂടിയാണ് സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിന് എത്തുന്നത്. ഐ ലീഗ് കിരീടം നേടിയതോടെ അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് അവർ സ്ഥാനക്കയറ്റവും നേടിയിട്ടുണ്ട്. 20 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ ലൂക്ക മജ്‌സനാണ് പഞ്ചാബിന്റെ ആക്രമണത്തിന്റെ കുന്ത മുന. കൂടാതെ, പഞ്ചാബിന്റെ അതിശക്തമായ പ്രതിരോധ നിര വഴങ്ങിയത് കേവലം 16 ഗോളുകൾ മാത്രമാണ്. ഈ സീസണിന് മുന്നോടിയായി 2022 സെപ്റ്റംബറിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളം വിജയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button