കാൽനടക്കാർക്കും ഉണ്ട് നിയമം ; തെറ്റിച്ചാൽ പിന്നാലെ കേസ്
![](https://edappalnews.com/wp-content/uploads/2025/01/1200x810.jpg)
തിരുവനന്തപുരം: റോഡിൽ തലങ്ങും വിലങ്ങും നടക്കാൻ വരട്ടെ. ഇതാ, പിന്നാലെ കേസുവരുന്നുണ്ട്. റോഡ് നിയമങ്ങൾ ലംഘിച്ചാൽ കാൽനടക്കാർക്കെതിരെ കേസെടുക്കാനായി നിയമനിർമ്മാണത്തിനായി സർക്കാർ നീക്കം തുടങ്ങി. ഗതഗാത വകുപ്പ് കമീഷണർ സി.എച്ച്. നാഗരാജുവാണ് ഇതുസംബന്ധിച്ച് സർക്കാറിന് ശുപാർശ നൽകിയത്. നിലവിലെ സാഹചര്യത്തിൽ മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ മാത്രമെ കേസെടുക്കാൻ കഴിയൂ. എന്നാൽ ഈ പ്രതിസന്ധിയെ മറികടക്കാനാണ് പുതിയ നടപടി.
റോഡ് നിയമം നടപ്പാക്കുന്നതിന് പ്രയോഗിക പ്രശ്നങ്ങൾ ഏറെയാണ്. സീബ്രാ ക്രോസ്, നടപ്പാത, ഡിവൈഡർ, എ.ഐ കാമറ, ട്രാഫിക് സിഗ്നലുകൾ എന്നീ സൗകര്യങ്ങളുള്ളിടത്ത് കാൽനടയാത്രാ നിയമങ്ങൾ കർശനമാക്കും. സീബ്രാ ക്രോസ് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മുറിച്ച് കടന്നാൽ, കാൽ നടയാത്രക്കാർക്കുള്ള ചുവന്ന സിഗ്നൽ നിൽക്കെ റോഡ് മുറിച്ച് കടക്കുന്നത്, ബാരിക്കേഡുകൾ മറികടന്ന് നടന്നാൽ, നടപ്പാത ഉണ്ടായിട്ടും റോഡിലൂടെ നടന്നാലൊക്കെ കേസെടുക്കാം. ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതോടെ കാൽനടയാത്രക്കാരിലും പുതുബോധം സൃഷ്ടിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. കാൽനടയാത്രക്കാരുടെ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾക്ക് കയ്യും കണക്കുമില്ല. ഈ സാഹചര്യത്തിൽ സൂക്ഷിച്ച് നടക്കുന്നത് റോഡ് ഗതാഗതം സുഗമമാക്കും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)