കാളാച്ചാൽ ഭാഗത്തെ കുടിവെള്ളം ചൂഷണ ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധം


ചങ്ങരംകുളം:കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന കാളാച്ചാൽ പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ വ്യവസായികാടിസ്ഥാനത്തിൽ ചൂഷണം ചെയ്ത് കച്ചവടം ചെയ്യാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ ജനരോഷമുയരുന്നു. വേനൽ കനക്കുമ്പോൾ പരിസര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് സന്നദ്ധ പ്രവർത്തങ്ങളിലൂടെ കുടിവെള്ളം നൽകാറുള്ളൂ പ്രദേശമാണ് ആലങ്കോട് പഞ്ചായത്തിലെ കാളാച്ചാൽ.
ഈ പ്രദേശത്തെ പാടത്തിനോട് ചേർന്ന സ്ഥലത്ത് കുഴൽ കിണറും കുടിവെള്ളം ഊറ്റി വ്യാസായികാടിസ്ഥാനത്തിൽ കുപ്പിവെള്ള ഫാക്ടറി തുടങ്ങാനാണ് ചില വ്യക്തികൾ പദ്ധതിയിട്ട് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
സമീപ പഞ്ചായത്തുകളിലെ മറ്റ് മേഖലകളിൽ തുടങ്ങാൻ ഉദ്ദേശിച്ച സംരംഭമാണ് അവിടങ്ങളിലെ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഇപ്പോൾ കാളാച്ചാലിലേക്ക് കൊണ്ട് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമസഭയിലും പദ്ധതിക്കെതിരെ ജനം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു.
എന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് ബന്ധപ്പെട്ടവർ.
കാളാച്ചാൽ സ്കൂളിൽ ചേർന്ന ജനകീയ സമ്മേളനം “കാളാച്ചാൽ ജല ചൂഷണ ജാഗ്രതാ സമിതി” രൂപവത്കരിച്ച് പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ്.
വാർഡ് മെമ്പർ പി.കെ. മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ പി.കെ.മുഹമ്മദ് അഷ്റഫ് (ചെയർമാൻ), വി.വി.അബ്ദുൽ റഷീദ് (കൺവീനർ), കെ.കെ. ഗോപാലൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി കാളാച്ചാൽ ജല ചൂഷണ ജാഗ്രതാ സമിതി രൂപവത്ക്കരിച്ച് പ്രതികരിക്കാൻ ഇറങ്ങിയിരിക്കയാണ്.
യോഗത്തിൽ കെ.പി. ജഹാങ്കീർ, പി.കെ. അബ്ദുല്ലക്കുട്ടി, വി.വി. അബ്ദുൽ റഷീദ്, ടി.വി.അബ്ദുറഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
