KERALASPORTSTRENDING

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമത്

ഗോവ: ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 42-ാം മിനിറ്റിൽ അൽവാരോ വാസ്ക്വസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.

ഏഴു വർഷങ്ങൾക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തുന്നത്. 2014-ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ ലീഗിൽ ആദ്യകളിയിൽ എ.ടി.കെ.യോട് തോറ്റതിനുശേഷം ഇതുവരെ ഒമ്പത് മത്സരങ്ങളിൽ അപരാജിതരാണ് ബ്ലാസ്റ്റേഴ്സ്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമിക്കാനിറങ്ങിയത് ഹൈദരാബാദായിരുന്നു. ഒമ്പതാം മിനിറ്റിൽ തന്നെ എഡു ഗാർസിയയുടെ ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗിൽ രക്ഷപ്പെടുത്തി.

ഇതിനിടെ 10-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളി ഗില്ലിനെ പിന്നിൽ നിന്നും വീഴ്ത്തിയതിന് ഹൈദരാബാദ് താരം ബർത്തലോമ്യു ഓഗ്ബെച്ചെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു.

24-ാം മിനിറ്റിൽ ജോർജ് ഡിയാസിന്റെ ഉറച്ച ഗോൾ ശ്രമം ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി അദ്ഭുതകരമായി രക്ഷപ്പെടുത്തി.

42-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ഗോളെത്തി. ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ലോങ് ത്രോയിൽ നിന്നായിരുന്നു ഗോൾ. ബോക്സിലേക്കെത്തിയ പന്ത് സഹൽ അബ്ദുൾ സമദ് പിന്നിലേക്ക് ഹെഡ് ചെയ്തു. ഈ പന്ത് ലഭിച്ച ഹൈദരാബാദ് താരം ആശിഷ് റായ് ഹെഡ് ചെയ്ത് ഒഴിവാക്കാൻ ശ്രമിച്ചത് അൽവാരോ വാസ്ക്വസിന് പിന്നിലേക്കായിരുന്നു. തന്നെ മാർക്ക് ചെയ്ത താരത്തെ കബളിപ്പിച്ച വാസ്ക്വസിന്റെ ഇടംകാലൻ വോളി ബുള്ളറ്റ് കണക്കെ വലയിൽ. ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ.

ബ്ലാസ്റ്റേഴ്സിന്റെ ലീഡിൽ ഒന്നാം പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുറച്ചാണ് ഹൈദരാബാദ് കളത്തിലിറങ്ങിയത്. 47-ാം മിനിറ്റിൽ തന്നെ നിഖിൽ പൂജാരിയുടെ ക്രോസ് ബ്ലാസ്റ്റേഴ്സ് ബോക്സിലെത്തിയെങ്കിൽ ഡിഫൻഡർമാർ അപകടമൊഴിവാക്കി.

53-ാം മിനിറ്റിൽ അനികേത് യാദവിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. അവസാന മിനിറ്റുകളിൽ ഹൈദരാബാദിന്റെ കടുത്ത പ്രസ്സിങ് ഗെയിം അതിജീവിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയവുമായി മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button