കാറ്റും വേനല്‍ മഴയും; ചെറുകാവ് മേഖലയില്‍ വ്യാപക നാശം പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു.

ചെറുകാവ്: ഞായറാഴ്ച രാത്രി പെയ്ത ശക്തമായ വേനല്‍ മഴയിലും കാറ്റിലും ചെറുകാവ് മേഖലകളില്‍ വ്യാപകമായ നാശനഷ്ടം. മരങ്ങള്‍ വീണ് പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൃഷി നാശവും വ്യാപകമാണ്. കൊണ്ടോട്ടി മേഖലയിലും കാറ്റിലും മഴയിലും കൃഷി നശിച്ചു. രാത്രി എട്ടോടെ ആരംഭിച്ച മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. തൊട്ടിയംപാറയില് കോഴിക്കോട്-പലക്കാട് ദേശീയപാതക്ക് കുറുകെ തെങ്ങ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അപകട സമയം വാഹനങ്ങള്‍ കടന്നു പോകാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് വഴി മാറിയത്. സിയാംകണ്ടം, ഓട്ടുപാറ, പെരിയമ്പലം, പുത്തൂപ്പാടം, തൊട്ടിയംപാറ, കുറിയേടം, കാരിപ്പുറം ഭാഗങ്ങളിലാണ് വൻ തോതില്‍ നാശ നഷ്ടങ്ങളുണ്ടായത്. കുറിയേടം, ഓട്ടുപാറ, പെരിയമ്പലം പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാരിപ്പുറം പ്രദേശത്ത് ആരംഭിക്കാനിരിക്കുന്ന സ്വകാര്യ സംരംഭത്തിന്റെ നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് മതില് തകര്‍ന്ന് പരന്നൊഴുകി മേഖലയിലെ പത്തിലധികം വീടുകളില്‍ ചളി നിറഞ്ഞു.
കാറ്റും വേനല്‍ മഴയും; ചെറുകാവ് മേഖലയില്‍ വ്യാപക നാശം പത്തോളം വീടുകള്‍ ഭാഗികമായി തകര്ന്നുചെറുകാവ് പഞ്ചായത്ത് പരിധിയില്‍ വ്യാപകമായാണ് കൃഷി നാശമുണ്ടായത്. പുത്തൂപ്പാടത്തും സിയാംകണ്ടം, പെരിയമ്പലം ഭാഗങ്ങളിലും വഴ കൃഷിയും പച്ചക്കറി കൃഷിയും നശിച്ചു. വിളവെടുപ്പിന് പാകമായ 3000 വാഴകളും കുലച്ചു തുടങ്ങിയ 200 വാഴകളുമാണ് കാറ്റില്‍ നിലംപൊത്തിയത്. നൂറിലധികം തെങ്ങുകളും നൂറോളം കമുകുകളും മാവ്, ജാതി, കശുമാവ്, പ്ലാവ് തുടങ്ങിയവയും കടപുഴകി വീണു. ഒരു ഹെക്ടറിലധികം സ്ഥലത്തെ പച്ചക്കറി കൃഷിയും നശിച്ചതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. കപ്പ കൃഷിയും വന്‍തോതില്‍ നശിച്ചിട്ടുണ്ട്.
