SPORTS

ബ്ലാസ്റ്റേഴ്സിലേക്ക് ഒരു സ്ട്രൈക്കർ കൂടി; വരുന്നത് ബെംഗളൂരു എഫ്സിയില്‍ നിന്ന്

ഐഎസ്എല്‍ പുതിയ സീസണിന് മുമ്പ് ഒരു താരത്തെ കൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സി സ്ട്രൈക്കർ ബിദ്യാഷാഗർ സിംഗിനെ ഒരു വർഷ ലോണിലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 
സൗരവ് മണ്ഡലിനും ബ്രൈസ് മിറാൻഡയ്ക്കും ശേഷം കെബിഎഫ്‍സി സമ്മർ സീസണിൽ കരാർ ഒപ്പിടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ്‌ 24കാരനായ ബിദ്യാഷാഗർ സിങ്‌. ടീമിലേക്ക് ക്ഷണിച്ചതിന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനും പരിശീലകനും താരം നന്ദി പറഞ്ഞു. 

ടിഡിം റോഡ്‌ അത്‌ലറ്റിക്‌ യൂണിയൻ എഫ്‌സിയിൽ കളിജീവിതം ആരംഭിച്ച ബിദ്യാഷാഗർ സിംഗ് 2016ൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിക്കൊപ്പമാണ് പ്രെഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. 2016-17 അണ്ടർ 18 ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ ഫൈനലിൽ എത്തിച്ചതോടെ താരം ഫുട്ബോള്‍ നിരീക്ഷകരുടെ കണ്ണില്‍പ്പെട്ടു. ടൂണമെന്റിൽ ആറ്‌ ഗോളുകൾ നേടി പിന്നാലെ 2018ൽ സീനിയർ ടീമിനായി അരേങ്ങേറി. രണ്ട്‌ സീസണിലായി സീനിയർ ടീമിനുവേണ്ടി 12 മത്സരങ്ങളിൽ ബിദ്യാഷാഗർ കളിച്ചു.

2020ൽ ഐ ലീഗ്‌ ക്ലബ്ബ്‌ ട്രാവുവുമായി ബിദ്യാഷാഗർ കരാർ ഒപ്പിട്ടത് വഴിത്തിരിവായി. 15 മത്സരങ്ങളിൽ രണ്ട് ഹാട്രിക് ഉള്‍പ്പടെ 12 ഗോളുകൾ നേടി ശ്രദ്ധിക്കപ്പെട്ടു. ആ വർഷം ട്രാവുവിനെ മൂന്നാം സ്‌ഥാനത്തേക്ക്‌ നയിച്ചു. ആക്രമണനിരയിലെ ഈ പ്രകടനങ്ങൾ ബിദ്യാഷാഗറിന് നിരവധി വ്യക്തിഗത അംഗീകാരങ്ങൾ നേടിക്കൊടുത്തു. ടോപ്‌ സ്‌കോറർ പുരസ്‌കാരം, ഹീറോ ഓഫ്‌ ദി സീസൺ എന്നിവയ്‌ക്കൊപ്പം ഐ ലീഗ്‌ ടീം ഓഫ്‌ ദി സീസണിൽ സ്ഥാനവും ബിദ്യാഷാഗർ സിംഗിന് ലഭിച്ചിരുന്നു. ഐലീഗിലെ മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിദ്യാഷാഗർ ബെംഗളൂരു എഫ്സിയുമായി അടുത്തത്. 

കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണില്‍ കപ്പുയർത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ഒക്ടോബര്‍ ആറിനാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്. വരുന്ന ഐഎസ്എല്‍ സീസണില്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button