കാങ്കപ്പുഴ പാലം: അനുബന്ധ റോഡിന്റെ സ്ഥലമെടുപ്പ് വിജ്ഞാപനമിറങ്ങി

കുറ്റിപ്പുറം : മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ അനുബന്ധ റോഡ് സ്ഥലമെടുപ്പിനുള്ള സർക്കാർ വിജ്ഞാപനമിറങ്ങി. റോഡിനായി കുറ്റിപ്പുറം ഭാഗത്ത് 63 പേരുടേയും കുമ്പിടി ഭാഗത്ത് 69 പേരുടേയും സ്ഥലമാണ് ഏറ്റെടുക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സർവേ നടക്കുകയാണ്. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലമെടുപ്പ് സംബന്ധിച്ച് പരാതി ഉള്ളവർക്ക് നൽകാം. സർവേയുടെ സ്കെച്ച് പാലക്കാട് കളക്ടർ അംഗീകരിക്കണം. തുടർന്നാണ് അടിസ്ഥാന മൂല്യനിർണയ റിപ്പോർട്ട് തയ്യാറാക്കുക. കൂടാതെ ഏറ്റെടുക്കുന്ന വയൽപ്രദേശങ്ങളിൽ നിർമാണപ്രവൃത്തികൾ നടത്താനുള്ള അനുമതി സർക്കാരിൽനിന്ന് ലഭിക്കുകയുംവേണം.
2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുക. അടുത്തവർഷം മേയ് 31-നകം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്നാണ് നേരത്തേയുള്ള തീരുമാനം.
റോഡിനുള്ള സ്ഥലമെടുപ്പ് സംബന്ധിച്ച് റവന്യൂ വകുപ്പ് തുടരുന്ന മെല്ലെപ്പോക്ക് നയമാണ് പദ്ധതിയുടെ പൂർത്തീകരണത്തിന് തടസ്സം. നിലവിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം 87 ശതമാനം പൂർത്തിയായി. ഇനി പെയിന്റിങ് ജോലികൾ പൂർത്തിയാക്കാനും 14 ഷട്ടറുകൾ സ്ഥാപിക്കാനുമുണ്ട്. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ ഈ രണ്ട് പ്രവൃത്തികളും പുനരാരംഭിച്ചിട്ടുണ്ട്.
