ഓളപ്പരപ്പിൽ, കാറ്റിന്റെ തലോടൽ
ഇവിടെ ഭാരതപ്പുഴ അറബിക്കടലില്‍ അലിയുന്നു; അഴിമുഖം കാണാം, ഓളപ്പരപ്പിലൂടെ ബോട്ടില്‍ കുതിക്കാം
പൊന്നാനിയുടെ പുതുമ ആസ്വദിക്കാൻ എത്തുന്നത് ആയിരക്കണക്കിന് ജനങ്ങൾ
നിളയുടെ അരികുപറ്റി കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നൊരു പാത. ഭാരതപ്പുഴ അറബിക്കടലിൽ അലിയുന്ന അഴിമുഖത്തുനിന്നുവരുന്ന തണുത്ത കാറ്റ്. ഉച്ചവെയിലിന്റെ കാഠിന്യത്തെപോലും നേർപ്പിക്കും ഈ കാറ്റ്… പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് സൂര്യൻ ചേക്കേറിത്തുടങ്ങുമ്പോൾ ഈ പാതയിലേക്ക് ആളുകളുടെ ഒഴുക്കാണ്… അഴിമുഖത്തെയും നിളയിലെയും കാഴ്ചകൾ കണ്ട് സായാഹ്നസൗന്ദര്യം ആസ്വദിച്ച് ഓളപ്പരപ്പിലൂടെ ബോട്ടിലേറി ഒരു യാത്ര നടത്താം ഇവിടെയെത്തിയാൽ… പൊന്നാനിയിലെ കർമ റോഡിലെത്തിയാലാണ് ഇതെല്ലാം ആസ്വദിക്കാനാവുക. നരിപ്പറമ്പ്-പൊന്നാനി ദേശീയപാതയിലെ ചമ്രവട്ടം കടവിൽനിന്ന് തുടങ്ങി പൊന്നാനി മത്സ്യബന്ധന തുറമുഖം വരെ നീളുന്ന അഞ്ചരക്കിലോമീറ്ററോളം വരുന്ന പാതയാണിത്. ഭാരതപ്പുഴയോട് ചേർന്നാണ് പാത കടന്നുപോകുന്നത്. അഴിമുഖത്തിനടുത്തായി കനോലി കനാലിന് കുറുകെ നിർമിച്ച പാലം കാഴ്ചകളുടെ സൗന്ദര്യത്തിന് ശോഭ കൂട്ടുന്നതാണ്. എന്നാൽ ഉദ്ഘാടനച്ചടങ്ങ് കഴിയാത്തതിനാൽ പാലത്തിലേക്കിപ്പോൾ പ്രവേശനമില്ല. സദാസമയവും ഇളങ്കാറ്റ് തഴുകിത്തലോടുന്നതിനാൽ എപ്പോഴും പാതയോരത്തുനിന്ന് നിളയുടെ ഭംഗിയാസ്വദിക്കാം. തണുത്ത കാറ്റും സ്വർണവർണമുള്ള പോക്കുവയിലിന്റെ തലോടലും ഓളപ്പരപ്പിലൂടെയുള്ള ബോട്ടുസവാരിയും കർമ റോഡിനെ ആസ്വാദ്യകരമാക്കുന്നു. പൊന്നാനി പലഹാരങ്ങളുടെ തനതുരുചി വൈഭവങ്ങളും ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്.
ഉല്ലസിക്കാം, ബോട്ടിലേറി…
നിളയുടെയും അറബിക്കടലിന്റെയും സൗന്ദര്യമാസ്വദിക്കാൻ കഴിയുന്ന ബോട്ടുയാത്രയാണ് കർമ റോഡിലെ ഹൈലൈറ്റ്. രണ്ട് സ്പീഡ് ബോട്ടുകൾ ഉൾപ്പെടെ 16-ഓളം ബോട്ടുകൾ ഇവിടെ സവാരി നടത്തുന്നുണ്ട്. ഈസ്റ്റർ, വിഷു, പെരുന്നാൾ പ്രമാണിച്ച് പ്രത്യേക ഓഫറുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. മുക്കാൽമണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ഒരാൾക്ക് 100 രൂപയാണ് ഈടാക്കുന്നത്. വൈകീട്ട് മൂന്നുമുതൽ ഏഴുവരെയാണ് ഈ സവാരി. ഇഫ്താർ പാർട്ടികൾക്കും പിറന്നാൾ ആഘോഷങ്ങൾക്കുമെല്ലാം മണിക്കൂറുകൾ കണക്കാക്കി ബോട്ടുസവാരി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഗ്രൂപ്പുകളായെത്തുന്നവർക്കും വിദ്യാർഥികൾക്കും പ്രത്യേക പാക്കേജും നിലവിലുണ്ട്. 30 പേർക്ക് കയറാവുന്ന ബോട്ടിന് ഒരു മണിക്കൂർ നേരത്തേയ്ക്ക് വാടക കണക്കാക്കുന്നത് 2500 രൂപയാണ്. ഭക്ഷണമുൾപ്പെടെ നാല് മണിക്കൂർ നേരത്തേയ്ക്ക് ഒരാൾക്ക് 400 രൂപ നിരക്കിലുള്ള പാക്കേജും ലഭ്യമാണ്. പടിഞ്ഞാറേക്കരയിൽനിന്ന് ബോട്ട് സർവീസ് പുറപ്പെടുന്നുണ്ട്.
എങ്ങനെയെത്താം???
കുറ്റിപ്പുറം ഭാഗത്തുനിന്നെത്തുന്നവർ നിർദിഷ്ട ആറുവരി ദേശീയപാത വഴി തണ്ടിലം പന്താപാലത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാൽ കർമ റോഡിലെത്താനാകും. അല്ലെങ്കിൽ കുറ്റിപ്പുറത്തുനിന്ന് തവനൂർ റോഡ് വഴി എത്തിയാലും കർമ റോഡ് ആരംഭിക്കുന്ന ചമ്രവട്ടം കടവിലെത്താനാകും. എടപ്പാൾ വഴി എത്തുന്നവർക്ക് പൊന്നാനി, കുറ്റിക്കാട്, ചന്തപ്പടി എന്നിവിടങ്ങളിൽനിന്നെല്ലാം കർമ റോഡിലേക്ക് പ്രവേശനമുണ്ട്.