Local news
കല്ല് കിട്ടാത്തതിനാൽ നിർമാണം മുടങ്ങിയ പരപ്പനങ്ങാടി ഹാർബറിന്റെ തെക്കുവശത്തെ പുലിമുട്ട്


പൈലിങ്ങിനുള്ള റിങ്ക് തയ്യാറായിട്ട് ദിവസങ്ങളായെങ്കിലും കടൽ ശാന്തമല്ലാത്തതിനാൽ പ്രവൃത്തി തുടങ്ങാനായിട്ടില്ല. രണ്ടു ഭാഗത്തെയും പുലിമുട്ടുകളുടെ അറ്റങ്ങൾ സമാന്തരമായാലേ പൈലിങ് നടത്താനുള്ള സാഹചര്യമുണ്ടാവുകയുള്ളൂ. ഇതിനായി തെക്കുഭാഗത്തെ പുലിമുട്ട് 1250 മീറ്ററെങ്കിലും അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്.
പുലിമുട്ടിന്റെ നിർമാണത്തിനാവശ്യമായ വലിയ കല്ലുകൾ നിലവിൽ ജില്ലയിലെ ക്വാറികളിൽ കിട്ടാനില്ല. സമീപ ജില്ലകളിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിട്ടില്ല. ഇതു കാരണം ഹാർബറിന്റെ പ്രവൃത്തി നീളുകയാണ്. സംസ്ഥാന സർക്കാർ കിഫ്ബി മുഖേന അനുവദിച്ച 113 കോടി രൂപയ്ക്കാണ് പ്രവൃത്തികൾ നടക്കുന്നത്. 2020 മാർച്ചിലാണ് നിർമാണപ്രവൃത്തികൾ ആരംഭിച്ചത്. പ്രവൃത്തി തുടങ്ങി മൂന്നു വർഷമായിട്ടും പുലിമുട്ടിന്റെ നിർമാണം പോലും പൂർത്തിയായിട്ടില്ല. നിർമാണം പൂർത്തിയാക്കാനായി നീട്ടിനൽകിയ കാലാവധി മാർച്ചിൽ അവസാനിച്ചിട്ടുണ്ട്.
നിർമാണത്തിനുള്ള കല്ലുകൾ അടിയന്തരമായി ലഭ്യമാക്കിയാലേ പൈലിങ്ങും വാർഫ് നിർമാണവും നടത്താനാകൂ. കാലവർഷത്തിനു മുൻപ് പുലിമുട്ട് നിർമാണം പൂർത്തിയാക്കണം. കല്ല് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ ചേർന്നെങ്കിലും പരിഹാരമായില്ലെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു. തീരദേശത്തെ ജനങ്ങളുടെ സ്വപ്‌നമായ ഹാർബറിന്റെ നിർമാണം വൈകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പരിഹാരം വേണം. ജില്ലാ ഭരണകൂടവും ഹാർബർ എഞ്ചിൻജിനിയറിങ്, മൈനിങ് അൻഡ് ജിയോളജി വകുപ്പുകളും അനുകൂലമായ നടപടികളെടുക്കേണ്ടതുണ്ട്.
