KERALA

കല്ലമ്പലത്തെ കൊലപാതകങ്ങൾ; സജീവ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കല്ലമ്പലത്തെ കൊലപാതകം, അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സജീവ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജ് ഒറ്റയ്‌ക്കെന്നും പൊലീസ് പറഞ്ഞു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ബിനുരാജ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. പിടിക്കപ്പെടും എന്നായപ്പോഴാണ് ബിനുരാജ് ആത്മഹത്യ ചെയ്തത്. ബിനുരാജിൻറെ ജിമ്മിൽ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കത്തിയും പൊലിസിന് ലഭിച്ചു.
പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ, അജിത്, ബിനുരാജ് എന്നിവരാണ് മരിച്ചവർ. അജികുമാർ കല്ലമ്പലത്തെത്തിയാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് പതിവാണ്. ഞായറാഴ്ച രാത്രിവരെ അജികുമാർ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. പിന്നാലെ അജികുമാർ കൊല്ലപ്പെട്ടു. അജികുമാറിൻറെ മരണത്തെക്കുറിച്ച് കല്ലമ്പലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അന്നേദിവസം വൈകുന്നേരം അജികുമാറിൻറെ സുഹൃത്തുകൾ വീണ്ടും ഒന്നുചേർന്ന് മദ്യപിച്ചു. കൂട്ടത്തിലുളള ഡ്രൈവർ സജീവാണ് അജികുമാറിൻറെ കൊലക്ക് പിന്നിലെന്ന് ചില സുഹൃത്തുകൾ കുറ്റപ്പെടുത്തി. ഇതോടെ സജീവ് സുഹൃത്തുക്കളായ പ്രമോദ്, അജിത് എന്നിവരുടെ മേൽ പിക് അപ്പ് വാൻ കയറ്റിയിറക്കി. അജിത് തൽക്ഷണം മരിച്ചു. പ്രമോദ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് കല്ലമ്പലം സ്റ്റേഷനിൽ കീഴടങ്ങിയ സജീവ് പൊലീസിനോട് പറഞ്ഞു. സജീവിൽ നിന്നാണ് അയൽവാസിയായ ബിനുരാജാണ് കൊലപാതകത്തിന്റ പിന്നിലെന്ന് സൂചന ലഭിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ബസിന് മുന്നിൽ ചാടി ബിനുരാജ് മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button