കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ പോറലേല്‍ക്കുന്നത് ഇന്ത്യയുടെ ആത്മാവിന്: മന്ത്രി ജലീല്‍

മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ ഇന്ത്യയുടെ അത്മാവിനാണ് പോറലേല്‍ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെടി ജലീല്‍. മലപ്പുറത്ത് എംഎസ്പി മൈതാനത്ത് നടന്ന 72-ാം റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ അധ്വാനവും പട്ടാളക്കാരുടെ ജാഗ്രതയുമാണ് ഇന്ത്യയെന്ന രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നത്. നാടിന്റെ നട്ടെല്ലാണ് കാര്‍ഷിക മേഖലയെന്നും നമ്മുടെ ശക്തി കേന്ദ്രമായ ആ കര്‍ഷകരെ സംരക്ഷിക്കേണ്ടത് നാടിന്റെ കൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഈ രാജ്യത്ത് എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഏതെങ്കിലും മതത്തിന്റെയോ വിശ്വാസാചാരങ്ങളുടെയോ ഭാഗമായി എന്നതിന്റെ പേരില്‍ ആര്‍ക്കും ആ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല. അതിന് ഇന്ത്യയുടെ ഭരണഘടന അനുവദിക്കുന്നില്ല. നമ്മുടെ ഹൃദയമായ ആ ഭരണഘടന നെഞ്ചോട് ചേര്‍ക്കേണ്ട സമയമാണിപ്പോഴുള്ളതെന്നും അതിന് കരുത്തു പകരാന്‍ നാം ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

