‘കരേട്ടാ’ ചില്ലറകളിയല്ല എന്ന് തെളിയിച്ച ബക്കറിന് വീണ്ടും ലോകോത്തര അംഗീകാരംടി കെ ഇസ്മായിൽ
നമ്മുടെ പാഷനെ മുറുകെ പിടിക്കുന്നവർക്ക് ആ ആഗ്രഹങ്ങൾ സഫലീകരിക്കുവാനും അതിലൂടെ വിജയത്തിലെത്തുവാനും കഴിയുമെന്ന് തെളിയിച്ചവരാണ് വിവിധ മേഖലകളിലെ നമ്മുടെ സെലിബ്രിറ്റികളിൽ ഭൂരിഭാഗവും. വക്കീലായ മലയാളത്തിന്റെ മഹാനടൻ പ്രിയപ്പെട്ട മമ്മുക്ക വക്കീൽ പണി തുടങ്ങിയപ്പോഴും അദ്ദേഹത്തിന്റെ പാഷൻ സിനിമ ആയതുകൊണ്ട് ആ ലക്ഷ്യത്തിലെത്തുവാനായി കഠിനാദ്ധ്വാനം ചെയ്യുകയും അതിനായി അധിക സമയം ചിലവഴിച്ചതിനെ കുറിച്ചും എപ്പോഴും പറയുമായിരുന്നു..
അബുദാബി മെസപൊയിലൂടെ പരിചയപ്പെട്ട നാൾ മുതൽ ബക്കർ ഒരുമനയൂർ എന്ന സുഹൃത്ത് വേറിട്ട ചിന്തകളിലൂടെ സഞ്ചരിക്കുന്ന വ്യക്തിത്വത്തിനുടമായാണ് എന്ന ബോധ്യം മനസ്സിൽ രൂപപ്പെടുകയും നടാതെയും വെള്ള മൊഴിക്കാതെയും ഒക്കെ തഴച്ചു വളരുകയും ചെയ്തിട്ടുമുണ്ട്. പൊന്നാനി എം ഇ എസ് കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുകയും യൂണിയൻ ജനറൽ സെക്രട്ടറിയടക്കം പല സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത ബക്കർ പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി തുടർന്നപോയ അറിവ് എനിക്കില്ല. പൊന്നാനി കോളേജിൽ നിന്ന് ബിരുദവും കോമേഴ്സ്സിൽ ബിരുദാനന്തര ബിരുദവും നേടി നാട്ടിലെ പതിവ് ജോലികൾക്കു ശേഷം സ്വപ്നഭൂമിയായ പ്രവാസത്തിലേക്കു എത്തിപ്പെടുകയായിരുന്നു. തന്റെ കർമ്മ മണ്ഡലത്തിൽ സജീവമായി എക്കൗണ്ട്സ് കൈകാര്യം ചെയ്തു മൂന്ന് പതിറ്റാണ്ടു തികക്കുമ്പോഴും മനസ്സിൽ കൊണ്ട് നടന്നതും നേടിയെടുക്കുവാൻ ഏറെ ആഗ്രഹിച്ചതും തന്റെ ചിന്തകളിലെ കമ്മ്യൂണിസ്റ്റ് സമ്പദ്‌വ്യവസ്ഥയില്ലാത്ത രാജ്യമായ ജപ്പാനിലെ കരേട്ടയെന്ന ആയോധന കലയായിരുന്നു എന്നത് യാദൃച്ഛികമാകാം. കോളേജിൽ വച്ച് കുങ്ഫു പഠിച്ച ആവേശത്തോടെയാണ് കരേട്ടയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായത് എന്ന് നേരത്തെ പറഞ്ഞു കേട്ടിട്ടുണ്ട്.
അപ്പോഴും എന്നെപ്പോലെയുള്ളവരുടെ നിഷ്കളങ്കമായ ചോദ്യം ബാക്കിയാകുന്നുണ്ട്. മുൻപ് പഠിക്കുന്ന നാളുകളിൽ പോലും എന്തെങ്കിലും ആക്രമണ പ്രവർത്തങ്ങളിൽ ഏർപ്പെട്ടതായി പറഞ്ഞു കേട്ടിട്ടില്ലാത്ത മൂപ്പർ എന്തിനാണാവോ ഈ കരേട്ട പഠിച്ചു എല്ലാ നിറങ്ങളിലുമുള്ള ബെൽറ്റുകൾ സ്വന്തമാക്കുവാനായി ഇങ്ങിനെ പരപായുന്നത് എന്ന്. മാത്രമല്ല ഏതു ശത്രുവിനെ നേരിടാനുമായി എപ്പോഴും കൈമുതലായുള്ള നിറഞ്ഞ ചിരിയും സുസ്മേരവദനനായ ഭാവവും ഉള്ളപ്പോൾ അത് തന്നെ മതിയല്ലോ ബക്കറിന് ധാരാളം. പിന്നെ എന്തിന് കരേട്ട എന്ന ഈ കോലാഹലവുമായി പോകുന്നു എന്നായിരുന്നു ചിന്ത മുഴുവൻ.
എന്തായാലും ആ ആഗ്രഹവും അഭിനിവേശവുമൊക്കെ ഊഷ്മളവും ഉത്കടവുമായ വികാരങ്ങൾക്കപ്പുറം ഭ്രാന്തമായ ഭ്രമമോ, കമ്പമോ, വല്ലാത്ത താത്പര്യമോ ഒക്കെയായിരുന്നു എന്നതാകണം കരേട്ടയെ വിട്ടുള്ള കളിയൊന്നും ബക്കറിനില്ല. നീണ്ട കാലം എം ഇ എസ് അലുംനി അബുദാബി ചാപ്റ്ററിന്റെ പ്രസിഡന്റായിരുന്നപ്പോഴും, കേരള സോഷ്യൽ സെന്ററിന്റെ അസിസ്റ്റന്റ് ട്രഷറർ, കലാ വിഭാഗം സിക്രട്ടറി, നാട്ടിലെ പ്രവാസി സംഘടനകളുടെ ഭാരവാഹിയായുമൊക്കെയായി പ്രവർത്തിക്കുമ്പോഴും കൂടെയുള്ളവർക്ക് ഇച്ചിരി പ്രയാസവും ബുദ്ധിമുട്ടുമാണ് മൂപ്പരെക്കൊണ്ട്. കാരണം വേറെയൊന്നുമല്ല, കരേട്ട ക്ലാസ്സുള്ളപ്പോൾ സമയങ്ങളിൽ ബക്കറിനെ വേറെയൊന്നിനും മഷിയിട്ടു നോക്കിയാൽ കിട്ടില്ല. മാത്രമല്ല യോഗം തുടങ്ങിയാലും ജോഗിങ് എന്ന വ്യായാമ നടത്തം കഴിഞ്ഞേ മൂപ്പർ അവിടേക്ക് ഒരു ചിരിപാസ്സാക്കി കടന്നു വരൂ. അല്ലെങ്കിൽ ആ സമയം നമ്മൾ മൂപ്പർക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. കരേട്ടയോടുള്ള പ്രണയം സഫലമാകട്ടെ എന്നതുകൊണ്ട് തന്നെ പിന്നെ പിന്നെ അതാർക്കും പരിഭവമോ പരാതിയോ ഇല്ലാതെയുമായി. തമാശയായിട്ടാണെങ്കിലും ബക്കറിന്റെ ഭാര്യ പറയും പഠിക്കുന്ന കാലത്തു ഇങ്ങിനെ ആയിരുന്നെങ്കിൽ മൂപ്പര് ഐ എ എസ്സോ, ഐ പി എസ്സോ, ഒക്കെ എപ്പോ പാസ്സായി എന്ന് ചോദിച്ചാൽ മതി എന്ന്.
പറഞ്ഞു വന്നത് മറ്റൊന്നുമല്ല, തന്റെ വിനോദ ഇഷ്ടങ്ങളുടെ മുൻഗണനാ പട്ടികയിലെ പ്രമുഖ സ്ഥാനം കരേട്ട തന്നെയാണ് എന്ന് വിശ്വസിക്കുകയും സഹന ശക്തിയോടെ, അർപ്പണ ബോധത്തോടെ, ക്ഷമയോടെ, ശാരീരിക തയ്യാറെടുപ്പോടെ അതിനായി പ്രവർത്തിക്കുകയും സമർപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. അതിനുള്ള റിസൾട്ടാണ് ഒന്നിന് പിറകെ ഒന്നായി ബക്കറിനെ തേടി എത്തുന്നത് എന്നത് വേണ്ടപ്പെട്ടവർക്കൊക്കെ സന്തോഷകരമായ അഭിമാന നിമിഷങ്ങളായി മാറുന്നുമുണ്ട് . രണ്ടര വർഷങ്ങൾക്ക് മുൻപാണ് കരേട്ടയിലെ ഉന്നത റാങ്കായ ബ്ലാക്ക് ബെൽറ്റ് നേടാനുള്ള അവസരമുണ്ടായത്. ലോകത്തിലെതന്നെ മികച്ച ആയോധനകലകളിൽ ഏറെ പ്രാധാന്യമുള്ള കരേട്ടയുടെ ശ്രേഷ്ഠവും, വെെദഗ്ദ്ധ്യവുമുള്ള മുഖ്യ സ്ഥാനത്തിന് അതോടെ അർഹനാവുകയായിരുന്നു. അന്ന് ഒരുപാട് ഉപഹാരങ്ങൾ വിവിധ മേഖലകളിനിന്നും ബക്കറിനെ തേടിയെത്തി. അത് സഫലമായപ്പോഴും തുടർന്നും ആ രംഗത്ത് ഒരുപാട് ദൂരം പോകാനുണ്ട് എന്ന് മനസ്സിലാക്കി അടുത്ത പാടി കയറാനുള്ള ശ്രമത്തിലായിരുന്നു ബക്കർ.
രണ്ടു മാസങ്ങൾക്കപ്പുറമാണ് ജപ്പാനിൽ നടന്ന ഷോട്ടോകാൻ കരേട്ട അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുവാനല്ല അപൂർവ്വ അവസരം ബക്കറിന് ലഭിച്ചത്. അതിന്റെ ഭാഗമായി നടത്തിയ ജപ്പാൻ ഹൊക്കൈഡോ ഹെഡ്‍ജോയിൽ വച്ച് നടത്തിയ ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്‌സാമിനേഷനിൽ പങ്കെടുക്കുവാൻ ജപ്പാനിൽ പോകുവാനും പങ്കെടുത്ത് സെക്കന്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കുവാനും കഴിഞ്ഞത്. ആ അംഗീകാരത്തിന് എം ഇ എസ് കോളേജ് അലുംനിയടക്കം നാട്ടിലും യു എ യിലുമുള്ള വിവിധ സംഘടനകളാൽ ബക്കർ ആദരവിനും അംഗീകാരത്തിനും അർഹനാവുകയും ചെയ്തത് അഭിമാനത്തോടെ കാണുകയാണ്. പ്രവാസത്തിൽ സാധാരണയായി കണ്ടുവരാറുള്ള മാനസിക സമ്മർദ്ദത്തെ ഒരു പരിധിവരെ അകറ്റി നിർത്താൻ കരേട്ടക്കു കഴിയുമെന്ന് പറയുന്ന ബക്കർ രോഗങ്ങളെ പ്രതിരോധിക്കുവാനും, ഉത്‌കണ്‌ഠ കുറക്കുവാനും ഈ കലയാൽ കഴിയുമെന്ന് ഉറച്ചു വിശ്വസ്‌കിക്കുന്നു. നിത്യ ജീവിതത്തിൽ ശീലമാക്കേണ്ട ഒന്നാണ് വ്യായാമം എന്നതിനാൽ തിരക്ക് പിടിച്ച പുതിയകാല ജീവിതത്തിൽ കൃത്യമായ ആരോഗ്യപരിപാലനത്തിനു കരേട്ടക്കും വലിയ സ്ഥാനമുണ്ട് എന്ന് ബക്കർ പറയും.
ഇപ്പോളിതാ വീണ്ടും ഒരംഗീകാരം ബക്കറിനെ തേടിയെത്തിയിരിക്കുന്നു ഏറെ സന്തോഷവും അഭിമാനവും. കൂടുതൽ പ്രതീക്ഷകളും നിറഞ്ഞ നിമിഷങ്ങളാണിത്. അബുദാബി അൽ രഹയിൽ വച്ച് നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് എന്ന ലോകോത്തര കായിക മത്സരങ്ങളിൽ മൂന്നാം സ്ഥാനത്തു എത്തി എന്നത് ഈ രംഗത്ത് ബക്കർ സർവ്വ ശക്തന്റെ അനുഗ്രഹത്താൽ ലോകോത്തര നിലവാരത്തിലെത്തി എന്നത് തന്നെയാണ്. ഓരോ വർഷവും ഓരോ രാജ്യങ്ങളിൽ നടക്കുന്ന ഈ മത്സരം നാല് വർഷത്തിന് ശേഷമാണ് അബുദാബി ആദിദേയത്വം വഹിക്കുന്നത്. അടുത്ത വർഷം ജപ്പാനിലാണ് ഇതേ മത്സരങ്ങൾ നടക്കുക. വീണ്ടും അവിടെ പങ്കെടുക്കുവാൻ ബക്കറിന് കഴിയട്ടെ എന്നാശംസിക്കയാണ്, ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ, ആശംസകൾ, പ്രാർത്ഥനകൾ.