കരുതലും കൈത്താങ്ങും: ജില്ലയിലെ അദാലത്തുകൾ പൂർത്തിയായി; 1382 പരാതികളിൽ തീർപ്പ്
![](https://edappalnews.com/wp-content/uploads/2025/01/473621803_1164674235017363_4388831710191075138_n.jpg)
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക യജ്ഞമായി നടത്തിയ ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതി പരിഹാര അദാലത്തുകളുടെ രണ്ടാം ഘട്ടം മലപ്പുറം ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ ഏഴ് താലൂക്കുകളിലും നടത്തിയ അദാലത്തുകൾക്ക് ജില്ലയുടെ ചുമതലയുള്ള കായിക – ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ, ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ നേതൃത്വം നൽകി. ഡിസംബർ 20 ന് നിലമ്പൂരിൽ തുടങ്ങിയ അദാലത്ത് ഇന്നലെ ( ജനുവരി 14) തിരൂരങ്ങാടി അദാലത്തോടെയാണ് സമാപിച്ചത്.
അദാലത്തിൽ പരിഗണിക്കുന്നതിനായി മുൻകൂറായി ഓൺലൈൻ വഴിയും താലൂക്ക് ഓഫീസുകൾ വഴിയും പരാതികൾ സ്വീകരിച്ചിരുന്നു. ഇങ്ങനെ ഏഴ് താലൂക്കുകളിലായി മുൻകൂർ ലഭിച്ച 4232 പരാതികളിൽ 1382 പരാതികൾ തീർപ്പാക്കി. 346 പരാതികൾ പരിഗണനാ വിഷയം അല്ലാത്തതിനാൽ തള്ളി. അദാലത്ത് വേദികളിൽ 2515 പുതിയ പരാതികൾ ലഭിച്ചു. ഇവ ഉൾപ്പെടെ ആകെ 6747 പരാതികളാണ് പരിഗണയ്ക്ക് വന്നത്. ഇവയിൽ അവശേഷിക്കുന്ന 5019 പരാതികൾ രണ്ടാഴ്ചക്കകം തീർപ്പാക്കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏഴ് അദാലത്തുകളിലായി 442 റേഷൻ കാർഡുകൾ വിതരണം ചെയ്തു. ഇതിൽ 410 മുൻഗണന കാർഡുകളും 32 അന്ത്യോദയ കാർഡുകളുമാണ്.
നിലമ്പൂരിൽ ആകെ ലഭിച്ച 1209 പരാതികളിൽ 187 എണ്ണം അദാലത്ത് ദിവസം പരിഹരിച്ചു. പെരിന്തൽമണ്ണ താലൂക്കിൽ 799 പരാതികളിൽ 152 പരാതികളാണ് പരിഹരിച്ചത്. തിരൂരിൽ 1202 പരാതികളിൽ 166 എണ്ണവും പൊന്നാനിയിൽ 453 പരാതികളിൽ 89 എണ്ണവും അദാലത്ത് വേദിയിൽ തീർപ്പായി. ഏറനാട് താലൂക്കിൽ ലഭിച്ച 1168 പരാതികളിൽ 386 പരാതികൾ പരിഹരിച്ചു. കൊണ്ടോട്ടിയിൽ 973 പരാതികളിൽ 223 ഉം തിരൂരങ്ങാടിയിൽ 943 പരാതികളിൽ 179 പരാതികളും മന്ത്രിമാരുടെ നേതൃത്വത്തിൽ പരിഹരിച്ചു. ബാക്കിയുള്ള വേഗത്തിൽ പരിഹരിച്ചു വരികയാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)