കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കരിപ്പൂരിലിറങ്ങിയ നാല് യാത്രക്കാരില്‍ നിന്നാണ് 4,580 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസിൽ എത്തിയ കൂറ്റനാട് സ്വദേശി റിഷാദിൽ നിന്ന് (32) 1034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളുകൾ കണ്ടെടുത്തു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ഷാമിലിൽനിന്ന് (21) 850 ഗ്രാം സ്വർണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും മലപ്പുറം തവനൂർ സ്വദേശി ചോമയിൽ മുഹമ്മദ് ഷാഫിയിൽനിന്ന് (41) 1537 ഗ്രാം സ്വർണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂളുകളുമാണ് പിടിച്ചത്.
വ്യാഴാഴ്ച രാവിലെ ദുബായിൽനിന്ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശി ഷിഹാബുദ്ദീൻ (38) ന്റെ പക്കൽ നിന്നും 1159 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകളും പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഒരു യാത്രക്കാരനിൽ നിന്ന് ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടിയിരുന്നു.
