MALAPPURAM

കയര്‍ വ്യവസായം തുറക്കുന്നത് മികച്ച സാധ്യതകള്‍: ജില്ലാ കലക്ടര്‍

കയര്‍ വ്യവസായം പുതിയ സംരംഭകര്‍ക്ക് തുറന്നുകൊടുക്കുന്നത് മികച്ച സാധ്യതകളാണെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. ജില്ലയിലെ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ കൊയര്‍ റിസെര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടി (എന്‍.സി.ആര്‍.എം.ഐ)ന്റെ സഹകരണത്തോടെ `കൊയര്‍ കണക്ട്’ എന്ന പേരില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കയറും കയര്‍ ഉത്പന്നങ്ങളും നിര്‍മ്മിക്കാനും വിപണനം ചെയ്യാനും ഇന്ത്യയെ സംബന്ധിച്ച് മറ്റു രാജ്യങ്ങള്‍ ഭീഷണിയല്ല. ഇന്ത്യയില്‍ അത്രക്കും തെങ്ങ് കൃഷി നടക്കുന്നുണ്ട്. ചെകിരിയില്‍ നിന്നും തേങ്ങയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും അത് വിപണനം നടത്തുകയും ചെയ്താല്‍ വന്‍ വ്യവസായമാക്കി മാറ്റാന്‍ സാധിക്കും. അതുപോലെ തോടുകളും കുളങ്ങളും സംരക്ഷിക്കാന്‍ നടത്തുന്ന കയര്‍ഭൂവസ്ത്രമണിയിക്കുന്ന പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുവഴി ഈ മേഖല കൂടുതല്‍ വളരുകയും അത് പ്രകൃതിക്ക് ഗുണകരമാവുകയും ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു.

തിരുവനന്തപുരം എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ സി. അഭിഷേക് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. അബ്ദുല്‍ ലത്തീഫ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ടി.പി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. ദിനേഷ് സ്വാഗതവും എന്‍.സി.ആര്‍.എം.ഐ സയന്റിസ്റ്റ് റിനു പ്രേമരാജ് നന്ദിയും പറഞ്ഞു.

ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം വിവിധ കയര്‍ ഉത്പന്നങ്ങളെ കുറിച്ചും വിപണന സാധ്യകളെ കുറിച്ചും തിരുവനന്തപുരം എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ സി. അഭിഷേക് ക്ലാസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button