Tamil Nadu

കമൽഹാസൻ രാജ്യസഭയിലേക്ക്; തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ മത്സരിക്കും.

ചെന്നൈ: തമിഴ്‌നാട്ടില്‍ ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശ പ്രകാരം മന്ത്രി ശേഖര്‍ ബാബു കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി. മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ അരുണാചലവും ചര്‍ച്ചയില്‍ പങ്കെടുത്തു. കമല്‍ഹാസന്‍ മത്സരിച്ചാല്‍ മാത്രമേ സീറ്റ് നല്‍കൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആറ് ഒഴിവുകളില്‍ നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ധാരണയനുസരിച്ച് മക്കള്‍ നീതി മയ്യം മത്സരരംഗത്തുണ്ടായിരുന്നില്ല. ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരില്‍ മത്സരിക്കാന്‍ കമല്‍ തീരുമാനിച്ചെങ്കിലും ഡിഎംകെ അഭ്യര്‍ഥന മാനിച്ച് പിന്‍മാറിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യത്തിലെത്തിയ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് ഇന്ത്യസഖ്യമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 39 സീറ്റുകളിലും ഡിഎംകെ സഖ്യം വിജയിച്ചിരുന്നു. 2018 ഫെബ്രുവരി 21നാണ് കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി പ്രഖ്യാപിച്ചത്. 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 3.72 ശതമാനം വോട്ടുകള്‍ നേടി. ചെന്നൈ, കോയമ്പൂത്തൂര്‍, മധുര എന്നിവിടങ്ങളില്‍ മക്കള്‍ നീതി മയ്യം ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. 2021ലെ തമിഴ്‌നാട് അസംബ്ലി തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ കോയമ്പത്തൂരില്‍ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയോട് 1728 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button