KERALA
കപ്പേളയുടെ ചില്ല് എറിഞ്ഞ് തകർത്തു; യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: കപ്പേളയുടെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. പുല്ലഴി സ്നേഹ നഗർ സ്വദേശി ശിവപ്രസാദ് എന്ന സോമനാണ് പിടിയിലായത്. തൃശ്ശൂർ ഒളരി പള്ളിയിലെ കപ്പേളയുടെ ചില്ലാണ് ഇയാൾ എറിഞ്ഞു തകർത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾ കപ്പേളക്ക് നേരെ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യലഹരിയിലാണ് താൻ ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. വെസ്റ്റ് സബ് ഇൻസ്പെക്ടർ കെസി ബൈജു, സിപിഒ മാരായ അഭീഷ് ആൻറണി, സുധീർ, അനിൽകുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
