ELECTION NEWS
കന്നിവോട്ടർമാർക്ക് മധുരമേകി ‘കരിക്ക് ഹൽവ’; പോളിംഗ് ബൂത്തുകളിൽ വേറിട്ട സ്വീകരണം
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കന്നിവോട്ടർമാരെ മധുരം നൽകി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലയിലെ വിവിധ ബൂത്തുകളിലായി ആദ്യമായി വോട്ട് ചെയ്യാനെത്തിയ 200 പേർക്കാണ് കരിക്ക് ഹൽവ വിതരണം ചെയ്തത്.
ചീഫ് ഇലക്ഷൻ ഓഫീസറുടെ (സി.ഇ.ഒ) പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ വേറിട്ട പരീക്ഷണം നടപ്പിലാക്കിയത്. കോഴിക്കോടിന്റെ തനത് രുചിയായ കരിക്ക് ഹൽവയാണ് ഇതിനായി തിരഞ്ഞെടുത്തത്. ജില്ലയിൽ സജ്ജീകരിച്ചിരുന്ന 60 മാതൃകാ ബൂത്തുകളിലാണ് ഹൽവ വിതരണം നടന്നത്.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ എത്തിയ പുതുതലമുറ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മധുരവിതരണം സംഘടിപ്പിച്ചത്. പോളിംഗ് ബൂത്തുകളിലെ തിരക്കിനിടയിലും അപ്രതീക്ഷിതമായി ലഭിച്ച മധുരപലഹാരം കന്നിവോട്ടർമാർക്ക് ഇരട്ടി സന്തോഷമായി.