കനിവിന്റെ കൈകൾ നീണ്ടു, റംസാൻ വിഭവങ്ങൾ അവരുടെ വീടുകളിലെത്തി.

കാളികാവ് : റംസാൻ റിലീഫ് അശരണർക്ക് മുൻപിൽ കാരുണ്യകവാടം തുറന്നിടുകയാണ്. നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ റിലീഫിന്റെ ഭാഗമായി നിർധനരായവരുടെ വീട്ടുപടിക്കൽ എത്തിക്കഴിഞ്ഞു.
സംഘടനകൾക്കുപുറമെ വ്യക്തികളുംചേർന്നാണ് അർഹരെ കണ്ടെത്തി നോമ്പുതുറ വിഭവങ്ങൾ എത്തിച്ചത്. കാരുണ്യപ്രവർത്തനങ്ങളിലൂടെ റംസാൻ പുണ്യം നേടാനാണ് സംഘടനകളും വ്യക്തികളും ശ്രദ്ധിക്കുന്നത്.
ഒന്നാം നോമ്പിന് മുൻപായി പ്രാദേശികതലങ്ങളിൽ അർഹരുടെ വീടുകളിൽ വിഭവം തയ്യാറാക്കാനുള്ള സാധനങ്ങൾ എത്തിക്കഴിഞ്ഞു. നൽകിയവർ ആരെന്നുപോലും അറിയിക്കാതെയാണിത്. 10 കിലോ പത്തിരിപ്പൊടി, പല വ്യഞ്ജനക്കിറ്റ്, ബിരിയാണി-കബ്സ കിറ്റുകൾ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് വിതരണംചെയ്തത്. ഒരു മാസത്തെ റംസാൻ നോമ്പ് കഴിച്ചുകൂട്ടാനുള്ള വിഭവങ്ങൾ കിട്ടിയ നിരവധി കുടുംബങ്ങളുണ്ട്.
പള്ളികളിൽ ഒരുക്കുന്ന നോമ്പുതുറകളും ആശ്വാസമാണ്. നോമ്പ് തുറയ്ക്കുള്ള പഴവർഗങ്ങൾക്ക് പുറമേ ഭൂരിഭാഗം പള്ളികളിലും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
പള്ളികളിൽ ഓരോ ദിവസത്തേക്കുള്ള നോമ്പുതുറ ചെലവുകൾ വ്യക്തികളാണ് നൽകുന്നത്. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അത്താഴം ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. പള്ളികൾ കേന്ദ്രീകരിച്ചുള്ള റിലീഫ് പ്രവർത്തനങ്ങൾ വേറേയുമുണ്ട്. അർഹതപ്പെട്ടവരെ കണ്ടെത്തി നോമ്പുതുറ വിഭവങ്ങൾ തയ്യാറാക്കാനുള്ള സാധനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. മലയോരമേഖലയിൽ ഭൂരിഭാഗം കുടുംബങ്ങളിലേക്കും റംസാൻ കിറ്റുകൾ എത്തി.
