കനത്ത മഴ: വീട്ടുകാർ ഉറങ്ങിക്കൊണ്ടിരിക്കെ വീടിന്റെ മേൽക്കൂര തകർന്നു വീണു, രക്ഷപ്പെട്ടത് അത്ഭുതകരമായി


മലപ്പുറം: കനത്ത മഴയിയലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. ഉറങ്ങിക്കൊണ്ടിരുന്ന വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി. നെടുവ കോവിലകം പറമ്പിലെ വലിയവളപ്പിൽ സുനിതയുടെ വീടിന്റെ മേൽക്കൂരയാണ് നിലംപൊത്തിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ വീട്ടമ്മ സുനിതയും മക്കളായ വിജിതും വിജീഷും വീട്ടിലുണ്ടായിരുന്നു. ഉറക്കത്തിലായിരുന്ന വിജിത് ഞെട്ടിയുണർന്നപ്പോൾ വീട് ഇളകുന്നതായി തോന്നി.
അടുക്കള ഭാഗത്തെ മേൽക്കൂര തകർന്നു വീഴാൻ തുടങ്ങിയിരുന്നു. ഉടൻ അമ്മയെയും അനിയൻ വിജീഷിനെയും വിളിച്ചുണർത്തി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും മേൽക്കൂര പൂർണമായും തകർന്നു വീണു. സുനിതയുടെ ഭർത്താവ് ഷാജി നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് കൂലിവേല ചെയ്താണ് സുനിത കുടുംബം പുലർത്തിയിരുന്നത്. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നെങ്കിലും ആളപായമില്ലാതെ രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലാണ് ഇവർ
