KERALA

കണ്ണൂര്‍ സര്‍വ്വകലാശാല വിവാദ സിലബസ് തിരുത്തും: പകരം ഇസ്‌ലാമിക്ക്, ദ്രവീഡിയന്‍, സോഷിലിസ്റ്റ് കാഴ്ച്ചപ്പാടുകള്‍.

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ പി.ജി സിലബസില്‍ നിന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ ഭാഗികമായി നീക്കാന്‍ തീരുമാനമായി. ദീന്‍ ദയാല്‍ ഉപാധ്യായ, ബല്‍രാജ് മദോക് എന്നിവരുടെ പുസ്തകങ്ങള്‍ പൂര്‍ണമായി ഒഴിവാക്കും. പകരം ഗാന്ധിയന്‍, ഇസ്‌ലാമിക്, സോഷ്യലിസ്റ്റ് രചനകള്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ രചനകളെ സിലബസ്സില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണ്ടതില്ലന്നായിരുന്നു വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശം. സവര്‍ക്കരെയും ഗോള്‍വാള്‍ക്കറെയും വിമര്‍ശനാത്മകമായി പഠിക്കാം. ‘രാഷ്ട്ര ഓര്‍ നേഷന്‍ ഇന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന യൂനിറ്റ്, ‘രാഷ്ട്ര ഓര്‍ നേഷന്‍ ഇന്‍ പൊളിറ്റിക്കല്‍ തോട്ട് , എ ക്രിറ്റിക്ക്’ എന്ന് പുന നാമകരണം ചെയ്യണമെന്നും വിദഗ്ദ സമിതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ദീന്‍ ദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്ക് എന്നിവരുടെ രചനകള്‍ സിലബസ്സില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കും.

ആര്‍എസ്എസ് സൈദ്ധാന്തികനായ എംഎസ് ഗോള്‍വാള്‍ക്കര്‍ എഴുതിയ ബഞ്ച് ഓഫ് തോട്ട്‌സ് ഉള്‍പെടെയുള്ള തീവ്ര ഹിന്ദുത്വ പാഠഭാഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയതാണ് വന്‍ വിവാദത്തിന് കാരണമായത്. വിഡി സവര്‍ക്കര്‍, ബല്‍രാജ് മധോക്ക്, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങളും സിലബസില്‍ ഉണ്ടായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ സിലബസില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു.

കേരള സര്‍വകലാശാലയിലെ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവി യു പവിത്രന്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയായിരുന്ന ജെ പ്രഭാഷ് എന്നിവരാണ് സിലബസ് പരിശോധിച്ചത്. പ്രതിഷേധക്കാരുടെ നിലപാടിനെ ശരിവച്ച സമിതി സിലബസില്‍ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സര്‍വ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങള്‍ അതുപോലെ ചേര്‍ക്കുന്നത് ശരിയല്ലെന്ന് സമിതി പറഞ്ഞു.

ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം മറ്റ് ചിന്താധാരകള്‍ക്ക് പ്രാമുഖ്യം ലഭിച്ചില്ലെന്നും സമിതി കുറ്റപ്പെടുത്തി. ഇതടക്കം സിലബസില്‍ ആകെ മാറ്റം കൊണ്ടുവരണമെന്നായിരുന്നു വിദഗ്ദ്ധ സമിതിയുടെ നിലപാട്. റിപ്പോര്‍ട്ട് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലും പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസും ചര്‍ച്ച ചെയ്തു. പിന്നീടാണ് ഹിന്ദുത്വ വിഷയങ്ങള്‍ വിമര്‍ശനാത്മകമായി പഠിപ്പിക്കാനും ഗാന്ധിയന്‍, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും ഉള്‍പ്പെടുത്താനും തീരുമാനമായത്.
ഇന്ന് രാവിലെയാണ് വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ ആയി അക്കാദമിക് കൌണ്‍സില്‍ യോഗം ചേര്‍ന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button