kannurKERALA

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു, ശബ്ദം കേട്ട് 22 ദിവസം പ്രായമുളള കുഞ്ഞ് ഐസിയുവില്‍

കണ്ണൂർ: കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍.അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്ബതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്. ഒപ്പം ബാന്റ് സെറ്റും ഉണ്ടായിരുന്നു.ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. ‘ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ ശബ്ദത്തില്‍ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായിപ്പോയി. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് കുഞ്ഞ് എത്തിയത്. പിറ്റേദിവസം, തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ട് വരൻ ഇറങ്ങുന്ന സമയത്തും സമാനമായ രീതിയില്‍ വലിയ പടക്കങ്ങള്‍ പൊട്ടിച്ച്‌ ആഘോഷമുണ്ടായി. വൻ പൊട്ടിത്തെറിയാണ് ഈ സമയത്തും ഉണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയില്‍ തുടർന്നു. ശേഷം അനക്കമില്ലാതായി. കാലിന് അടിയില്‍ കുറേ നേരം തട്ടിയ ശേഷമാണ് കുഞ്ഞ് കരഞ്ഞതും അനക്കം വന്നതും. അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷം രാത്രിയിലും സമാനമായ രീതിയില്‍ ഉഗ്ര ശബ്ദത്തില്‍ പടക്കം പൊട്ടിച്ചു. ഈ സമയത്താണ് കുഞ്ഞിന് കൂടുതല്‍ പ്രശ്നങ്ങളുണ്ടായത്.
ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു’. എന്നാല്‍ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുളള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുളള ആഘോഷം. നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകള്‍ക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button