കടൽ ആഞ്ഞടിക്കുന്നു; പാലപ്പെട്ടിയിൽ നാല് വീടുകൾ തകർന്നു


പാലപ്പെട്ടി: ദിവസങ്ങളായി തുടരുന്ന കടലാക്രമണമത്തിൽ പാലപ്പെട്ടിയിൽ നാല് വീടുകൾ തകർന്നു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ പാലപ്പെട്ടി അജ്മീർ നഗറിലെ വീടുകളാണ് തകർന്നത്. പാലപ്പെട്ടി അമ്പലം ബീച്ചിലെ ഒരു വീട് ഭാഗികമായും തകർന്നു. കടലാക്രമണത്തിൽ വീട് തകർന്ന വടക്കൂട്ട് മൊയ്തീനും കുടുംബവും പാലപ്പെട്ടിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി.
14 കുടുംബങ്ങൾ ബന്ധുവീട്ടിലേക്കും താമസം മാറ്റി. മൂന്ന് കോൺക്രീറ്റ് വീടുകളും ഒരു ഓലവീടുമാണ് തകർന്നത്. വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ കടലാക്രമണം ശക്തമാണ്. തീരത്തെ 50 വീടുകൾക്ക് പുറമെ പാലപ്പെട്ടി കാപ്പിരിക്കാട്ടെ പള്ളിയും അജ്മീർ നഗറിലെ പള്ളിയും ഭീഷണി നേരിടുന്നുണ്ട്.കടലാക്രമണ ഭീഷണിയെതുടർന്ന് തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ രാത്രിസമയത്ത് വീടുകളിൽ താമസിക്കരുതെന്ന് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ തീരദേശ വാസികൾക്ക് നിർദേശം നൽകി. വെളിയങ്കോട് തണ്ണിത്തുറയിൽ കടൽഭിത്തിയുള്ള മേഖലകളിൽ കടൽ വ്യാപകമായി കരയിലേക്ക് കയറുന്നുണ്ട്. തീരത്തെ 50 ലേറെ തെങ്ങുകളും കടലെടുത്തു.
