
കട്ടിപ്പാറയിലെ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങളിലൂടെയാണ് നിലവിൽ വിവരങ്ങൾ ലഭ്യമായതെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല ഏൽപ്പിച്ചത്.കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായ അലീന ബെന്നിയെ കഴിഞ്ഞ ദിവസമാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിലാണ് അലീന ജോലി ചെയ്യുന്നത്. അലീനക്ക് സ്കൂളിൽ നിന്ന് നൂറ് രൂപ പോലും ഇതുവരെ ശമ്പളമായി നൽകിയിട്ടില്ലെന്ന് പിതാവ് ബെന്നി പറഞ്ഞിരുന്നു. 13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപറേറ്റ് മാനേജ്മെന്റിന് കീഴിലെ സ്കൂളിൽ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്മെന്റ് തയ്യാറായില്ല. ജോലി ചെയ്ത കാലയളവിൽ ശമ്പളവും ആനുകൂല്യവും ആവശ്യമില്ലെന്ന് കോർപറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചിരുന്നു
