കടലേറ്റപ്പേടി: പാലപ്പെട്ടിയിൽനിന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കടലേറ്റഭീതിയൊഴിയാതെ പാലപ്പെട്ടി, അജ്മീർനഗർ എന്നിവിടെങ്ങളിൽനിന്നായി 15 -കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വടക്കൂട്ട് മൊയ്തീൻ, കമ്പിവളപ്പിൽ ബഷീർ, പാടൂക്കാരൻ മുസ്തഫ, വടക്കേപ്പുറത്ത് റഹ്മത്ത് ഉൾപ്പെടെയുള്ളവരെയാണ് മാറ്റിപ്പാർപ്പിച്ചത്. പാലപ്പെട്ടി കടപ്പുറം പള്ളി പരിസരത്തുനിന്ന് ഒമ്പതും അജ്മീർനഗറിൽനിന്ന് അഞ്ചും കുടുംബങ്ങളെയാണ് തിങ്കളാഴ്ച മാറ്റിയത്. ഇതിൽ വടക്കൂട്ട് മൊയ്തീൻ പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി കോമ്പൗണ്ടിലെ സർക്കാർ ദുരിതാശ്വാസ ക്യാമ്പിലേക്കും മറ്റുള്ളവർ ബന്ധുവീടുകളിലേക്കുമാണ് താമസംമാറിയത്. കടലേറ്റം കുറവാണെങ്കിലും രാവിലെയും വൈകുന്നേരവുമായി വേലിയേറ്റസമയങ്ങളിൽ ശക്തമായ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറിയിരുന്നു. ഇതേത്തുടർന്ന് അജ്മീർനഗറിലെ മുസ്തഫ, ബഷീർ, റഹ്മത്ത് എന്നിവരുടെ വീടിന്റെ തറയുടെ അടിഭാഗത്തെ മണ്ണുകൾ പൂർണമായും ഒലിച്ചുപോയി ഏതുസമയവും വീടുകൾ നിലംപൊത്താറായി നിൽക്കുകയാണ്. പാലപ്പെട്ടി കടപ്പുറം മുഹിയുദ്ദീൻ ജുമാഅത്ത് പള്ളി ഖബർസ്ഥാനിലേക്ക് വെള്ളം ഇരച്ചുകയറുന്നതുമൂലം ഖബർസ്ഥാന്റെ സംരക്ഷണത്തിനായി കഴിഞ്ഞവർഷം കെട്ടിയ ഭിത്തിയുടെ ഒരുഭാഗം തകർന്നുവീണു. കൂടുതൽ ഖബറുകൾ തകർന്നുപോകുന്ന ആശങ്കയിലാണ് വിശ്വാസികൾ കഴിയുന്നത്. ഉറ്റവരുടെ ഖബറിടങ്ങൾ തകർന്നുപോകുന്ന ഹൃദയഭേദകമായ കാഴ്ചയാണ് പാലപ്പെട്ടി പള്ളി ഖബർസ്ഥാനിൽ നിലവിലുള്ളത്. വെളിയങ്കോട് പത്തുമുറിയിൽ കടലേറ്റത്തിൽ ഒരുഭാഗം തകർന്നിരുന്ന തണ്ണിത്തുറക്കൽ കുഞ്ഞിമുഹമ്മദിന്റെ വീട് തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടിന്റെ ഭൂരിഭാഗവും കടലിലേക്ക് തകർന്നുനിൽക്കുന്ന കാഴ്ചയാണ്.