കടം വീട്ടാൻ തട്ടിക്കൊണ്ടുപോകല്‍ നാടകവുമായി വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും; സ്വന്തം വീട്ടില്‍ വിളിച്ച് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപ

കോഴിക്കോട്: കടം വീട്ടാൻ തട്ടിക്കൊണ്ടുപോകല്‍ നാടകവുമായി വിദ്യാർത്ഥി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഷൻ പരിധിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പത്താം ക്ലാസുകാരനാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ വീട്ടുകാരില്‍ നിന്ന് പണം വാങ്ങിക്കാൻ ലക്ഷ്യമിട്ടത്.
സ്‌കൂള്‍ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥി വീട്ടിലെത്തിയില്ല. തുടർന്ന് ഭയന്നുപോയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് വീട്ടിലെത്തുകയും ചെയ്തു. ഈ സമയം കുട്ടിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ‘നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിലാണ്. വിട്ടുകിട്ടണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണം’- എന്നായിരുന്നു വിളിച്ചവർ പറഞ്ഞത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു നാടകമായിരുന്നെന്ന് മനസിലായത്. വിദ്യാർത്ഥി സഹപാഠികളില്‍ നിന്ന് ബൈക്ക് കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനുണ്ട്. ഈ കുട്ടികള്‍ തന്നെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ പണം കിട്ടുമെന്ന് പറഞ്ഞത്.
വിദ്യാർത്ഥിയുടെ സുഹൃത്തുക്കള്‍ തന്നെയാണ് വീട്ടുകാരെ വിളിച്ച് പണം ആവശ്യപ്പെട്ടത്. ഇവരെ പൊലീസ് പിടികൂടി. തുടർന്ന് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. തന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ താൻ തന്നെയാണ് നാടകം കളിച്ചതെന്ന് വിദ്യാർത്ഥി സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് കൗണ്‍സലിംഗ് നല്‍കുമെന്ന് അധികൃതർ അറിയിച്ചു. കബളിപ്പിക്കാൻ ശ്രമിച്ചതിന് വിദ്യാർത്ഥിയുടെ വീട്ടുകാർ പരാതിയൊന്നും നല്‍കിയിട്ടില്ല.
