ഓൺലൈൻ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; കൂറ്റനാട് സ്വദേശിയുടെ പരാതിയിൽ നൈജീരിയൻ സ്വദേശി ദില്ലിയിൽ അറസ്റ്റിൽ


ഓൺലൈൻ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. റൈമൻഡ് ഉനിയാമയെയാണ് ദില്ലിയിൽ നിന്ന് പാലക്കാട് സൈബർ പൊലീസ് പിടികൂടിയത്. നവമാധ്യമത്തിലൂടെ പരിചയപ്പെട്ട കൂറ്റനാട് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്. നവംബറിൽ കൂറ്റനാട് സ്വദേശിയിൽ നിന്ന് റൈമൻഡ് ഉനിയാമ വ്യത്യസ്ത സമയങ്ങളിലായി ഇരുപത്തി ഒന്ന് ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു. നവമാധ്യമത്തിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. പരാതിക്കാരന്റെ ജൻമദിനം ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനം നൽകാനും നേരിൽക്കാണാനും ആഗ്രഹമുണ്ടെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ കേരളത്തിലേക്കുള്ള യാത്രയിലാണെന്നും അറിയിച്ചു. വിദേശ കറൻസിയുമായി വിമാനത്താവളത്തിൽ പിടിയിലായെന്നും രക്ഷപ്പെടാൻ ഇന്ത്യൻ രൂപ അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു. ഈ സാഹചര്യം മുതലെടുത്താണ് ബാങ്ക് അക്കൗണ്ടിലൂടെ കൂടിയ തുക റൈമൻഡ് ഉനിയാ തട്ടിയത്. പണം കൈക്കലാക്കിയതിന് ശേഷം നവമാധ്യമങ്ങളിൽ നിന്നുൾപ്പെടെ പിൻമാറി. ഇത് സംശയം കുട്ടി. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. ഫോൺവിളികൾ പിന്തുടർന്നും നവമാധ്യമങ്ങളിലെ സാന്നിധ്യം മനസിലാക്കിയുമാണ് ദില്ലിയിലെത്തി സൈബർ പൊലീസ് സംഘം തട്ടിപ്പുകാരെന കസ്റ്റഡിയിലെടുത്തത്.
സമാനരീതിയിൽ കൂടുതലാളുകൾ റൈമൻഡ് ഉനിയാമ വഴി തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് നിഗമനം. ഒരാൾക്ക് മാത്രമായി തട്ടിപ്പ് നടത്താൻ കഴിയില്ലെന്നാണ് പൊലീസ് കരുതുന്നത്. അടുത്തിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സമാനമായ തട്ടിപ്പുകൾ നടന്നിരുന്നു. ഈ കേസുകളിൽ റൈമൻഡിന് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
