SPORTS

ഓസീസിനെ സെമിയിൽ പൂട്ടി; സച്ചിന്റെ ഇന്ത്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ മാസ്റ്റേഴ്സ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് 18.1 ഓവറിൽ 126 റൺസെടുക്കാനെ സാധിച്ചുള്ളു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ അമ്പാട്ടി റായുഡു അഞ്ച് റൺസുമായി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച സച്ചിനും പിന്തുണ നല്‍കിയ പവന്‍ നേഗിയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റണ്‍സിലെത്തിച്ചു. നേഗിയെ 11 പന്തില്‍ 14 റൺസുമായി മടങ്ങി. സച്ചിന് കൂട്ടായി യുവരാജ് എത്തിയതോടെ ഇന്ത്യ അതിവേഗം റൺസുയർത്താൻ തുടങ്ങി.

30 പന്തില്‍ 42 റൺസുമായി സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 100 കടന്നിരുന്നു. 30 പന്തില്‍ ഒരു ഫോറും ഏഴ് സിക്സറുകളും അടങ്ങുന്നതാണ് യുവരാജിന്റെ ഇന്നിംഗ്സ്. യുവി 59 റണ്‍സുമായി മടങ്ങിയെങ്കിലും മറ്റ് താരങ്ങൾ ഇന്ത്യയ്ക്കായി മികവ് തുടർന്നു. സ്റ്റുവര്‍ട്ട് ബിന്നി 21 പന്തില്‍ 36, യൂസഫ് പഠാൻ 10 പന്തില്‍ 23, ഇര്‍ഫാന്‍ പഠാൻ പുറത്താകാതെ ഏഴ് പന്തില്‍ 19 തുടങ്ങിയ ഇന്നിംഗ്സുകൾ ഇന്ത്യൻ സ്കോർ 220ലെത്തിച്ചു. ഓസ്ട്രേലിയ മാസ്റ്റേഴ്സിനായി സേവ്യർ ഡോഹെര്‍ട്ടിയും ഡാനിയേൽ ക്രിസ്റ്റ്യനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button