ഓഫ് ചെയ്ത ഹൈടെൻഷൻ ലൈനിൽ വൈദ്യുതി പ്രവാഹം; കെഎസ്ഇബി ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു


എരമംഗലം ∙ ഓഫ് ചെയ്ത ഹൈടെൻഷൻ ലൈനിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതി പ്രവാഹം. പെരുമ്പടപ്പിൽ കെഎസ്ഇബി ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെരുമ്പടപ്പ് വൈദ്യുതി സെക്‌ഷൻ ഓഫിസിലെ ലൈൻമാനാണ് സമീപത്തെ വീട്ടിലെ ഇൻവെർട്ടറിൽ നിന്ന് വൈദ്യുതി പ്രവഹിച്ചതിനെ തുടർന്ന് ഷോക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനടുത്തുള്ള പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയ്ക്കരികിലെ ട്രാൻസ്ഫോമറിന്റെ മുകളിലെ ലൈനിൽ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന് ഷേക്കേറ്റത്.
ഹൈ ടെൻഷൻ ലൈൻ സബ്സ്റ്റേഷനിൽ ഓഫ് ചെയ്ത ശേഷമായിരുന്നു ലൈൻമാൻ ട്രാൻസ്ഫോമറിന് മുകളിൽ കയറിയത്. ജോലി ചെയ്യുന്നതിനിടെ വൈദ്യുതി പ്രവഹിച്ചതോടെ ലൈൻമാൻ അലറി വിളിച്ചു. ഒപ്പമുണ്ടായിരുന്ന ജീവനക്കാർ ലൈനുകൾ എർത്ത് ചെയ്താണ് ലൈൻമാനെ രക്ഷപ്പെടുത്തിയത്. സമീപത്തെ വീട്ടിലെ ഇൻവെർട്ടറിൽ നിന്ന് ലോ ടെൻഷൻ ലൈൻ വഴി ട്രാൻസ്ഫോമറിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
