ഓഫര്‍ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഇന്ന് കൊച്ചിയില്‍ തെളിവെടുപ്പ്.

കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നുപറഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലീസ്.ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തല്‍.
പ്രതിയെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പൊന്നുരുന്നിയിലുള്ള അനന്തു കൃഷ്ണന്റെ ഓഫീസായി പ്രവര്‍ത്തിച്ച സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ്, മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍ ആകും പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം.അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കുള്‍പ്പെടെ പണം നല്‍കിയെന്ന് അനന്തു മൊഴി നല്‍കിയിരുന്നു. 2023 അവസാനമാരംഭിച്ച സ്‌കൂട്ടര്‍വിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകള്‍ക്ക് സ്‌കൂട്ടര്‍ ലഭിക്കാനുണ്ടെന്നും വ്യക്തമായി. അനന്തുകൃഷ്ണന്‍ നടത്തിയ വ്യാപകതട്ടിപ്പില്‍ ഇന്നലെ കാസര്‍കോട് നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിലും അന്വേഷണം ആരംഭിക്കും.
എന്‍.ജി.ഒ. കോണ്‍ഫെഡറേഷനില്‍നിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളില്‍ ഭൂമി വാങ്ങിയതെന്നും വ്യക്തമായി. തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
