ഓപ്പറേഷൻ കുബേര;വമ്പൻ സ്രാവുകൾ ഇപ്പോഴും വലയ്ക്കു പുറത്തു തന്നെ
എടപ്പാൾ: പലിശ സംഘങ്ങളെ പിടികൂടാൻ ‘ഓപ്പറേഷൻ കുബേര’യുമായി പൊലീസ് രംഗത്ത് ഇറങ്ങുമ്പോഴും വമ്പൻ സ്രാവുകൾ ഇപ്പോഴും വലയ്ക്കു പുറത്തു തന്നെ. വർഷങ്ങൾക്ക് മുൻപാണ് ഇത്തരമൊരു നടപടിയുമായി പൊലീസ് രംഗത്ത് ഇറങ്ങിയത്. ഒട്ടേറെ പേരെ ഇതിലൂടെ വലയിൽ ആക്കിയിരുന്നു. എന്നാൽ ഉന്നത ഇടപെടലുകൾ മൂലം പ്രധാനികളിലേക്ക് അന്വേഷണം നീങ്ങിയില്ല. അന്ന് പിടിക്കപ്പെട്ട പലരും ഇപ്പോഴും മേഖലയിൽ സജീവമാണ്.
രാഷ്ട്രീയ മേഖലയുമായി ബന്ധമുള്ള പലരും ഈ രംഗത്ത് ചുവടുറപ്പിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മാസം 10,000 രൂപ വരെ പലിശ ഈടാക്കുന്നവരുണ്ട്. ചെക്കിനു പുറമേ ഒപ്പു വച്ച മുദ്ര പത്രവും മറ്റു രേഖകളും നൽകണം. കൂടിയ തുക ആണെങ്കിൽ ആധാരങ്ങളും വാഹനങ്ങളുടെ രേഖകളും വാങ്ങും. രാഷ്ട്രീയത്തിലെ സ്വാധീനം ഉപയോഗിച്ചാണ് ഇത്തരക്കാർ വിലസുന്നത്. അതുകൊണ്ടുതന്നെ പൊലീസിൽ പരാതി നൽകാൻ പോലും പലരും രംഗത്തു വരുന്നില്ല. കൃത്യമായി പലിശ നൽകിയില്ലെങ്കിൽ ഈടാക്കാൻ ക്വട്ടേഷൻ സംഘങ്ങൾ വരെ ഉള്ളവരാണ് പലരും.
“ഇവരുടെ വലയിൽ കുടുങ്ങി കിടപ്പാടം വരെ നഷ്ടപ്പെട്ടവർ ഉണ്ട്. കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി തകർന്ന പലരും കൂടിയ പലിശയ്ക്ക് പണം വാങ്ങി വെട്ടിൽ ആയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ സംഘം ഭീഷണിയുമായി രംഗത്തു വരികയാണ്. രേഖകളും മറ്റും രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നതിനാൽ പരിശോധന നടത്തിയാലും പിടിക്കപ്പെടാൻ സാധ്യത വിരളമാണ്.
രാഷ്ട്രീയ ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇത്തരത്തിൽ പരിശോധന നടത്തിയാൽ പകപോക്കൽ എന്ന വ്യാഖ്യാനത്തിൽ പൊലീസിനെതിരെ തിരിയാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ടുതന്നെ അധികൃതരും മൗനം പാലിക്കുകയാണ്. പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിച്ച് നടപടി കർശനം ആക്കാനുള്ള ഒരുക്കത്തിലാണ്.