എടപ്പാൾ ടൗണിലെ ഗതാഗത പ്രശ്നങ്ങൾ എടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പാക്കും
എടപ്പാളിൽ ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേർന്നു
എടപ്പാൾ: ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗം ചേർന്നു. പാലത്തിന് താഴെയുള്ള വാഹന പാർക്കിങ് ഉൾപ്പെടെ നേരത്തേ എടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു. തൃശൂർ – കുറ്റിപ്പുറം റോഡുകളിൽ ബസുകൾ പാലം ഇറങ്ങി വരുന്ന ഭാഗത്ത് നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ബസുകൾ കയറ്റി നിർത്താൻ നിർദേശം നൽകും.
ഇത് ലംഘിക്കുന്ന ബസുകൾക്കെതിരെ നടപടിയെടുക്കും. ബസ് കാത്തിരിപ്പു കേന്ദ്രം മുന്നോട്ടു നീക്കി നിർമിക്കുന്നത് പരിഗണിക്കും. പാലത്തിന് താഴെ ബൈക്കുകൾ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നിരീക്ഷിക്കുന്നതിനായി വൊളന്റിയർമാരെ നിയോഗിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും. ഇതിനുള്ള തുക വ്യാപാരികൾ നൽകണം. ഇക്കാര്യം പരിശോധിച്ച് മറുപടി നൽകാമെന്ന് വ്യാപാരി പ്രതിനിധികൾ അറിയിച്ചു.
പാലം ഇറങ്ങി വരുന്ന ഭാഗങ്ങളിൽ അപകടങ്ങൾ പതിവായതോടെ ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുന്നത് പരിഗണിക്കും. യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐ കെ.ഖാലിദ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, കെ.പ്രഭാകരൻ, ഇ.പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.