KERALA

‘ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ യാത്ര സൗജന്യം’ സ്റ്റിക്കര്‍ തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: ഓട്ടോറിക്ഷകളിലെ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ യാത്ര സൗജന്യമാക്കാനുള്ള സ്റ്റിക്കർ തീരുമാനം ഉപേക്ഷിച്ച്‌ സർക്കാർ.ഗതാഗത മന്ത്രി ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. യാത്രാ വേളയില്‍ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം എന്ന് ഓട്ടോറിക്ഷയില്‍ യാത്രക്കാർ കാണുന്ന വിധത്തില്‍ എഴുതി പ്രദർശിപ്പിക്ക ണമെന്നായിരുന്നു ഗതാഗത കമ്മിഷണർ പുറത്തിറക്കിയ സർക്കുലർ.

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ മാർച്ച്‌ ഒന്നു മുതല്‍ നിര്‍ബന്ധമാക്കും എന്നായിരുന്നു ഉത്തരവ് ഇറക്കിയത്. ടൂറിസ്റ്റുകള്‍ക്കു വേണ്ടി ഇംഗ്ലിഷിലും എഴുതണമെന്നായിരുന്നു നിർദേശം. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗമാണ് നിർദേശം നല്‍കിയത്. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് ടെസ്റ്റിന് ഇത് കർശന വ്യവസ്ഥയുമാക്കിയിരുന്നു.

ഇതിനെതിരെ ഓട്ടോ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പ്രതികരിച്ചിരുന്നു. തീരുമാനം ബഹിഷ്കരിക്കാനും തീരുമാനിച്ചിരുന്നു. സിഐടിയു, ഐഎൻടിയുസി, ബി എംഎസ്, യുടിയുസി, എസ്ടിയു, എച്ച്‌എംഎസ് എന്നീ തൊഴിലാളി സംഘടനകള്‍ മാർച്ച്‌ 18-ന് പണിമുടക്കും പ്രഖ്യാപിച്ചിരുന്നു.

സർക്കാർ കഴിഞ്ഞ ദിവസം തീരുമാനം പിൻവലിച്ചതോടെ സമരത്തില്‍ നിന്നു യൂണിയനുകളും പിന്മാറി. ദുബായ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് വിജയകരമായി നടപ്പാക്കിയ ഈ രീതി കേരളത്തിലും നടപ്പാക്കണമെന്നഭ്യർഥിച്ച്‌ എറണാകുളം സ്വദേശി കെ.പി. മത്യാസ് ഫ്രാൻസിസ് ട്രാൻ സ്പോർട്ട് അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ട്രാൻ സ്പോർട്ട് അതോറിറ്റി ഈ നിർദേശം വച്ചതെന്നും സർക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ദുബായിലെ സാഹചര്യമല്ല കേരളത്തിലേതെന്നു ചൂണ്ടിക്കാട്ടിയാണ് തൊഴിലാളി യൂണിയനുകള്‍ എതിർപ്പറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button