ഓട്ടത്തിനിടെ വീണ കൂട്ടുകാരന്റെ കൈ പിടിച്ച് അഭിനവ് ഓടിക്കയറിയത് ഹൃദയങ്ങളിലേക്ക്


200 മീറ്റർ ഓട്ടത്തിൽ ഫിനിഷിങ് പോയിന്റിലേക്ക് മൂന്നാമതായി ഓടിയെത്താൻ ഏതാനും മീറ്ററുകൾ മാത്രം. ആ സമയത്താണ് രണ്ടാമതായി ഓടിക്കൊണ്ടിരുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ കാൽതട്ടി താഴെ വീഴുന്നത് അഭിനവ് കണ്ടത്. അൽപ്പംകൂടി ഓടിയാൽ രണ്ടാം സ്ഥാനം നേടി സമ്മാനം സ്വന്തമാക്കാമായിരുന്നു അഭിനവിന്. പക്ഷേ മത്സരം മറന്നു അവന്റെ കൈകൾ കൂട്ടുകാരന്റെ നേർക്കു നീണ്ടു. വീണു കിടന്ന കൂട്ടുകാരൻ കെ ആർ അഭിദേവിനെ പിടിച്ചെഴുന്നേൽപ്പിച്ചു. പുറത്തെ പൊടിയെല്ലാം തട്ടികളഞ്ഞ് ആശ്വസിപ്പിച്ചു. അപ്പോഴേക്കും പിന്നിലുള്ളവർ ഓടി കയറി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു.
പക്ഷേ അഭിനവ് ടി സുജിത് എന്ന നാലാം ക്ലാസുകാരൻ മത്സരം കണ്ടുനിന്നവരുടെ ഹൃദയത്തിലേക്കാണ് ഓടിക്കയറിയത്. മത്സരം മറന്ന് കൂട്ടുകാരനുവേണ്ടി തോൽവിയേറ്റുവാങ്ങിയ അഭിനവിന്റെ നന്മയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് കോത്തല എൻഎസ്എസ് സ്കൂളിലെ അധ്യാപകരും.
സ്കൂളിലെ കായിക ദിനത്തിൽ കിഡീസ് വിഭാഗത്തിൽ 200 മീറ്റർ ഓട്ട മത്സരത്തിലാണ് 4 എ ക്ലാസിലെ വിദ്യാർത്ഥികളായ അഭിനവും അഭിദേവും പങ്കെടുത്തത്. ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. കൂട്ടുകാരുടെ കയ്യടികൾക്കിടയിൽ ഇവർ ട്രാക്കിലൂടെ കുതിക്കുമ്പോഴാണ് മുന്നിൽ ഓടിയ അഭിദേവ് വീഴുകയും അഭിനവ് കൈ പിടിച്ചു ഉയർത്തുകയും ചെയ്തത്. അഭിനവിനെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
