ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥികൾ തെറിച്ചുവീണ സംഭവം; ബസിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്ത് ആർടിഒ


മലപ്പുറം വെന്നിയൂരിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥികൾ തെറിച്ചുവീണ സംഭവത്തിൽ മണിക്കൂറുകൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസിന്റെ ഫിറ്റ്‌നസ് തിരൂരങ്ങാടി ജോയിന്റ് ആർടിഒ റദ്ദ് ചെയ്തു. ഇന്നലെ വൈകിട്ടാണ് ബസ്സിൽ നിന്ന് വീണ് നാല് വിദ്യാർത്ഥിനികൾക്ക് പരുക്കേറ്റത്.
കോട്ടക്കലിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന എൻകെബി ബസ്സിൽ നിന്നാണ് കുട്ടികൾ തെറിച്ച് വീണത്. വാളംകുളം KMHSS സ്‌കൂളിലെ വിദ്യാർത്ഥികൾ പോക്കിപ്പറമ്പിൽ നിന്നാണ് ബസ്സിൽ കയറിയത്. യാത്രയ്ക്കിടെ വെന്നിയൂരിന് സമീപം എത്തിയപ്പോൾ മുന്നിലെ വാതിലിലൂടെ കുട്ടികൾ പുറത്തേക്ക് വീഴുകയായിരുന്നു. അമിതവേഗത്തിൽ പോവുകയായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ കുട്ടികൾ തെറിച്ച് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസ് തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിൻറെ നടപടി.
പരിശോധനയിൽ ബസ്സിൻറെ ഡോറിൻ ഉൾപ്പെടെ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കിയത്. എളുപ്പത്തിൽ തുറക്കാവുന്ന വിധത്തിലുള്ള ഒരു ലിവൻ മെക്കാനിസമാണ് ബസിൽ ഉപയോഗിച്ചിരുന്നത്. ബസ് പരിശോധിച്ചതിൽ മറ്റ് അപാകതകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും വാഹനമോടിച്ച ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടിയിലേക്കും മോട്ടോർ വാഹന വകുപ്പ് കടക്കും. പരുക്കേറ്റ കുട്ടികൾ കോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്
