ഒരു ലക്ഷം തന്നാൽ എട്ട് മണിക്കൂർ കൊണ്ട് 2.40 ലക്ഷമാക്കി തരാം; യുവതിയിൽ നിന്ന് അഞ്ച് ലക്ഷം തട്ടിയ വളാഞ്ചേരി സ്വദേശി അറസ്റ്റിൽ
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-01-17-20-26-970_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221222-WA0048-723x1024.jpg)
വളാഞ്ചേരി: ഓൺലൈൻ ചൂതാട്ടത്തിലൂടെ വൻലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി.
വളാഞ്ചേരി എടയൂർ പട്ടമ്മർതൊടി മുഹമ്മദ് റാഷിദിനെ (22) യാണ് മങ്കട പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
യൂട്യൂബ് വീഡിയോ ലിങ്ക് വഴി പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയിൽനിന്ന് ഒരുലക്ഷം വാങ്ങി എട്ടു മണിക്കൂറിന് ശേഷം മുടക്കുമുതലും ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ ലാഭവും തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ ഇങ്ങനെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു. പറഞ്ഞ തുക കിട്ടാത്തതിനെത്തുടർന്ന് യുവതി മങ്കട പോലീസിൽ പരാതി നൽകുകയായിരുന്നു.
റാഷിദിനെതിരേ സമാനമായ മറ്റ് പരാതികളുമുണ്ട്. ഇയാൾ ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്തതായും പണം നഷ്ടമായതായും പോലീസ് പറഞ്ഞു.
മങ്കട എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘവും പെരിന്തൽമണ്ണ ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റുചെയ്തത്. കൂടുതൽ പേരിൽനിന്ന് പണം തട്ടിയതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)